തൊഴില്‍ മേഖലയുടെ പുരോഗതിക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രവര്‍ത്തനം അനിവാര്യം : കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വര്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ വേജ് കോഡും ചട്ടങ്ങളും തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലുള്ളവര്‍ക്കും ഗുണകരമല്ലെന്ന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന നയമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ട്

Update: 2019-12-18 10:34 GMT

കൊച്ചി: രാജ്യത്തെ തൊഴില്‍ മേഖലയുടെ പുരോഗതിക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രവര്‍ത്തനം അനിവാര്യമാണെന്ന് കേന്ദ്ര തൊഴിലും എംപ്ലോയ്മെന്റും വകുപ്പ് (സ്വതന്ത്ര ചുമതല) മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വര്‍. കൊച്ചിയില്‍ സൗത്ത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെറുകിട കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതി വഴി പെന്‍ഷന്‍ ഉറപ്പാക്കുന്ന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ കൂടുതലായി ലഭ്യമാകേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ അസംഘടിത മേഖലയിലെ 40 കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി വഴി പെന്‍ഷന്‍ ലഭ്യമാക്കാന്‍ കഴിയും.

ഇഎസ്‌ഐ പദ്ധതി വഴി രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ചികില്‍സാ സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ ഇഎസ്‌ഐ ആശുപത്രികളിലും മികച്ച ഗുണനിലവാരമുള്ള കിടത്തി ചികില്‍സാ സൗകര്യം ലഭ്യമാകണം. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഇഎസ്‌ഐ ആശുപത്രികള്‍ രാജ്യത്തിനു മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ വേജ് കോഡും ചട്ടങ്ങളും തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലുള്ളവര്‍ക്കും ഗുണകരമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക കോണ്‍ഫറന്‍സിന്റെ ആമുഖ പ്രസംഗത്തില്‍ സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പങ്കുവച്ചു. ഇത് ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന നയമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ കേന്ദ്ര വേജ് കോഡ് നയം മിനിമം കൂലിയായി 176 രൂപ മാത്രമാണ് ഉറപ്പാക്കുന്നത്. എന്നാല്‍, കേരള സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നയം എല്ലാ മേഖലയിലുമുള്ള തൊഴിലാളികള്‍ക്കും പ്രതിദിനം 600 രൂപയാണ് മിനിമം വേതനമായി വ്യവസ്ഥ വച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി സി എച്ച് മല്ലറെഡ്ഡി, പുതുച്ചേരി തൊഴില്‍ വകുപ്പ് മന്ത്രി എം കന്തസാമി, കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറി എച്ച് എല്‍ സമാരിയ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ലേബര്‍ കമ്മീഷണര്‍മാര്‍, വിവിധ സംസ്ഥാനങ്ങളിലെ തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ പ്രതിനിധികള്‍, കേന്ദ്ര തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 

Tags:    

Similar News