വയനാട്ടില്‍ പിടിയിലായത് ദക്ഷിണേന്ത്യയിലെ മാവോവാദി പ്രമുഖര്‍

പിടിയിലായ സാവിത്രിയുടെ പേരില്‍ തലപ്പുഴ, തിരുനെല്ലി സ്‌റ്റേഷനുകളിലടക്കം 17 യുഎപിഎ കേസുകളും, കൃഷ്ണമൂര്‍ത്തിക്കെതിരെ കണ്ണൂര്‍ ജില്ലയില്‍ 3 കേസുകളുമുണ്ട്

Update: 2021-11-10 06:55 GMT

കല്‍പറ്റ: വയനാട്ടില്‍ ഇന്നലെ പിടിയിലായത് കേരളത്തിലടക്കം മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രണ്ടു പ്രമുഖര്‍. കര്‍ണാടക ചിക്ക് മംഗളൂര്‍ സ്വദേശികളായ പശ്ചിമഘട്ട സോണല്‍ സമിതി സെക്രട്ടറി ബി ജി കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് ഇന്നലെ എടിഎസിന്റെയും കേരള പോലിസിന്റെയും സംയുക്ത നീക്കത്തില്‍ അറസ്റ്റിലായത്. ഇരുവരെയും തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കി. വയനാട് കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ സാവിത്രിയുടെ പേരില്‍ തലപ്പുഴ, തിരുനെല്ലി സ്‌റ്റേഷനുകളിലടക്കം 17 യുഎപിഎ കേസുകളും, കൃഷ്ണമൂര്‍ത്തിക്കെതിരെ കണ്ണൂര്‍ ജില്ലയില്‍ 3 കേസുകളുമുണ്ട്. കേരളത്തിലെ മാവോവാദി സംഘടനയുടെ തലവനെന്ന് പോലിസ് കരുതുന്നയാളാണ് കര്‍ണാടക സ്വദേശിയായ ബി ജി കൃഷ്ണമൂര്‍ത്തി. നിലവില്‍ സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മറ്റി സെക്രട്ടറിയുമാണ്. കേരള പോലിസ് തീവ്രവാദ വിരുദ്ധ സേനയാണ് വയനാട് പോലിസിന്റെ സഹായത്തോടെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയെയും കസ്റ്റഡിയിലെടുത്തത്. കര്‍ണ്ണാടക, ആന്ധ്ര പോലിസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.

രണ്ട് ദിവസം മുന്‍പ് കണ്ണൂരില്‍ പിടിയിലായ ഗൗതം എന്ന രാഘവേന്ദ്രയില്‍ നിന്നാണ് പോലിസിന് കൃഷ്ണമൂര്‍ത്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കുറച്ചു കാലമായി കൃഷ്ണമൂര്‍ത്തി എവിടെയാണെന്ന വിവരം പോലിസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇല്ലായിരുന്നു. പോലിസ് കേരള കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ കൃഷ്ണമൂര്‍ത്തിക്കായി വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. കേന്ദ്രകമ്മറ്റി അംഗമായിരുന്ന കുപ്പുദേവരാജ് നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് ബി ജി കൃഷ്ണമൂര്‍ത്തി സിപിഐ മാവോവാദി പശ്ചിമഘട്ട പ്രത്യേക സോണല്‍കമ്മറ്റിയുടെ നേതൃത്വം ഏറ്റെടുത്തത്. വയനാടിന്റെ അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൃഷ്ണമൂര്‍ത്തി സംഘടനയെ നിയന്ത്രിച്ചിരുന്നതെന്നാണ് പോലിസ് പറയുന്നത്.വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികള്‍ക്കായി പോലിസ് തെരച്ചില്‍ നടത്തുന്നതായാണ് വിവരം.കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികില്‍സയിലിരിക്കെയാണ് ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടത് എന്നു സൂചനയുണ്ട്.

Tags:    

Similar News