മകരജ്യോതി ദര്‍ശനം ഇന്ന് വൈകീട്ട്; സന്നിധാനത്ത് തിരക്കേറുന്നു

മുന്‍ ദിവസങ്ങളില്‍ നിന്നു വ്യത്യസ്തമായി അയ്യപ്പഭക്തരുടെ നല്ല തിരക്കാണ് ഇന്നുണ്ടാവുന്നത്.

Update: 2019-01-14 01:53 GMT

പത്തനംതിട്ട: യുവതി പ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്ന ശബരിമലയില്‍ മകരജ്യോതി ദര്‍ശനം പ്രമാണിച്ച് ഭക്തജനത്തിരക്ക് വര്‍ധിക്കുന്നു. മുന്‍ ദിവസങ്ങളില്‍ നിന്നു വ്യത്യസ്തമായി അയ്യപ്പഭക്തരുടെ നല്ല തിരക്കാണ് ഇന്നുണ്ടാവുന്നത്. ഒരു ലക്ഷത്തിലേറെ പേര്‍ ഇതിനകം സന്നിധാനത്തെത്തിയെന്നാണു അധികൃതര്‍ പറയുന്നത്. മൂന്നു ലക്ഷത്തോളം പേരെത്തുമെന്നാണു കണക്കുകൂട്ടല്‍. ഇന്നലെ വൈകീട്ട് മുതലാണ് ഭക്തരുടെ പ്രവാഹം തുടങ്ങിയത്. ഈ മണ്ഡലകാലം തുടങ്ങിയതു മുതല്‍ ഫ്‌ളൈ ഓവര്‍ ഒരിക്കല്‍ പോലും നിറഞ്ഞിരുന്നില്ല. എല്ലാ ദിവസവും 60000 മുതല്‍ 70000 വരെ ഭക്തരാണെത്തിയിരുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകീട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം അധികൃതര്‍ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുകയാണു ചെയ്യുക. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നടയടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകീട്ട് 6.30ന് ദീപാരാധനയും തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയുകയും ചെയ്യും. അയ്യപ്പമന്ത്രങ്ങള്‍ ഉരുവിട്ട് അയ്യപ്പഭക്തരെല്ലാം പൊന്നമ്പലമേട്ടിലേക്ക് ദര്‍ശനത്തിനായി കാത്തിരിക്കും. മകരസംക്രമ പൂജ വൈകീട്ട് 7.52നാണ് തുടങ്ങുക. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍ വഴി കൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യാണ് അഭിഷേകം ചെയ്യുക. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റും. തുടര്‍ന്നു വീണ്ടും ചാര്‍ത്തിയാണ് മകരസംക്രമ പൂജ നടക്കുക. യുവതി പ്രവേശന വിവാദവും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്ത് നിരോധനാജ്ഞകള്‍ തുടരുന്ന സാഹചര്യത്തില്‍ വന്‍ പോലിസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.




Tags:    

Similar News