സംവരണ മതില്‍: പിന്നാക്ക സമുദായ നേതാക്കളുടെ ഐക്യപ്രകടനമായി മാറുമെന്ന് എസ്ഡിപിഐ

സെക്രട്ടറിയേറ്റിന് ചുറ്റും സംവരണ മതില്‍ തീര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 5ന് വൈകിട്ട് മൂന്ന് മണിക്ക് സംവരണ മതില്‍ ആരംഭിക്കും. മതിലിന്റെ പ്രഖ്യാപനം 3.45 ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വ്വഹിക്കും.

Update: 2019-02-02 12:59 GMT

തിരുവനന്തപുരം: ഭരണഘടനയുടെ അന്തഃസത്തയെ അട്ടിമറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് 5ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് ചുറ്റും സംവരണ മതില്‍ തീര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പിന്നാക്ക സമുദായ നേതാക്കളുടെ ഐക്യപ്രകടനമായി സംവരണമതില്‍ മാറുമെന്നും എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടുകള്‍ക്ക് ശേഷവും രാജ്യത്ത് സാമൂഹിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. 20 ശതമാനത്തില്‍ താഴെ വരുന്ന ഉന്നത ജാതിക്കാരാണ് ഉദ്യോഗത്തിന്റെ 80 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്നത്. പ്രബല ന്യൂനപക്ഷമായ മുസ്ലിംകളടക്കം ജനസംഖ്യയുടെ 52 ശതമാനമുള്ള ഒബിസി വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍വ്വീസില്‍ സംവരണം അനുവദിച്ചത് 1992 ല്‍ മാത്രമാണ്. 80 ശതമാനത്തിലധികം വരുന്ന ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇത് വരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് മുന്നാക്ക വിഭാഗത്തിലെ 90 ശതമാനത്തിലധികം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയിരിക്കുന്നത്.

ചരിത്രപരമായ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട അവര്‍ണ ജനതയെ കൂടുതല്‍ അരിക്വല്‍ക്കരിക്കുവാനും അസമത്വം വര്‍ധിപ്പിക്കുന്നതിനും ഇത് ഇടയാക്കും. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വിവേചനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം യാഥാര്‍ത്ഥ്യമാകുമ്പോഴാണ് ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ണമാകുന്നത്. ഈ ലക്ഷ്യത്തോടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ സാമുദായിക സംവരണത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഭേദഗതിയാണ് എല്ലാ സവര്‍ണ നിയന്ത്രിത പാര്‍ട്ടികളുടെയും പിന്തുണയോടെ ബിജെപി നടപ്പാക്കിയത്. ഏകസിവില്‍കോഡ് അടക്കം ഹിന്ദുത്വ അജണ്ടക്ക് വഴിയൊരുക്കുന്നതിന് ഭരണഘടനയുടെ അടിത്തറ തകര്‍ക്കുകയെന്ന ബിജെപി താല്‍പര്യത്തിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ കൂട്ടുനിന്നു. ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടണമെന്നും നേതാക്കള്‍ പറഞ്ഞു. അധികാരം അധ:സ്ഥിതന് പങ്ക്വെക്കുന്നതില്‍ അസഹിഷ്ണുതയുള്ള മേലാള വര്‍ഗം സംവരണത്തില്‍ വെള്ളം ചേര്‍ക്കാന്‍ നടത്തിയ നിരന്തര നീക്കങ്ങള്‍ക്ക് രാജ്യം സാക്ഷിയായിട്ടുണ്ട്.

കേന്ദ്ര സര്‍വ്വീസില്‍ ആദ്യമായി ഒബിസിക്ക് സംവരണം നിയമമാക്കിയപ്പോള്‍ ക്രീമിലയര്‍ കൊണ്ട് വന്ന് അതിന് തുരങ്കംവെച്ചു സാമ്പത്തിക സംവരണത്തിനുള്ള നീക്കം പി വി നരസിംഹറാവുവിന്റെ ഭരണത്തില്‍ തന്നെ തുടങ്ങിയിരുന്നു. കേരളത്തില്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം നിയമക്കുരുക്കിലാണ്. ദേവസ്വം ബോര്‍ഡില്‍ മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തിയതിന് പിറകെ സാമ്പത്തിക സംവരണത്തിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിച്ചത് സിപിഎമ്മാണ്.

വാഗ്ദാനങ്ങളുടെ അപ്പക്കഷ്ണങ്ങള്‍ കാണിച്ച് പിന്നാക്ക ജനതയെ വഞ്ചിക്കുകയും അവരുടെ നിലനില്‍പിന്റെ അടിത്തറ മാന്തുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചനക്കെതിരെയുള്ള താക്കീതായി സംവരണ മതില്‍ മാറും. 5ന് വൈകിട്ട് മൂന്ന് മണിക്ക് സംവരണ മതില്‍ ആരംഭിക്കും. മതിലിന്റെ പ്രഖ്യാപനം 3.45 ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്്പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വ്വഹിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നീലലോഹിതദാസന്‍ നാടാര്‍, ബീമാപള്ളി റഷീദ്, കെ എ ഷഫീഖ്, സാബു കൊട്ടാരക്കര, എസ് സുവര്‍ണകുമാര്‍, എം കെ അഷ്റഫ്, ജയിംസ് ഫെര്‍ണാണ്ടസ്, കുട്ടപ്പന്‍ ചെട്ട്യാര്‍, പ്രഫ. റഷീദ്, പ്രഫ ടി ബി വിജയകുമാര്‍, വി ആര്‍ ജോഷി, രമേഷ് നന്മണ്ട, എം എസ് സജന്‍, ആശാഭായ് തങ്കമ്മ, കെ കെ റൈഹാനത്ത്, മൂവാറ്റുപുഴ അഷ്റഫ് മൗലവി, പി ബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, റോയി അറയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജന.സെക്രട്ടറി റോയി അറയ്ക്കല്‍, സെക്രട്ടേറിയറ്റ് അംഗം പി പി മൊയ്തീന്‍കുഞ്ഞ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല പങ്കെടുത്തു. 

Tags: