പോലിസ് സ്‌റ്റേഷന്‍ ആക്രമണം; മൂന്ന് ആര്‍എസ്എസ് നേതാക്കള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്

വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലും നോട്ടീസ് പതിച്ച് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2019-01-16 09:38 GMT

തിരുവനന്തപുരം: നെടുമങ്ങാട് പോലിസ് സ്‌റ്റേഷനില്‍ ബോംബേറിയുകയും എസ്‌ഐയുടെ കൈ അടിച്ചൊടിക്കുകയും ചെയ്തശേഷം ഒളിവില്‍പോയ മൂന്നു ആര്‍എസ്എസ് നേതാക്കള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നിന് ശബരിമല കര്‍മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവിലാണ് നെടുമങ്ങാട് സ്്‌റ്റേഷന് നേരെ ആക്രമണമുണ്ടായത്.

ബോംബെറിഞ്ഞ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതില്‍ പ്രവീണ്‍, പോലിസ് വാഹനം തടഞ്ഞ് എസ്‌ഐയുടെ കൈ അടിച്ചൊടിച്ച കേസില്‍ പ്രതികളായ ആനാട് പാണ്ഡവപുരം സ്വദേശി മഹേഷ്, നെടുമങ്ങാട് മേലാംകോട് കൃഷ്ണവിലാസം ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. നെടുമങ്ങാട് പോലിസാണ് നോട്ടീസ് ഇറക്കിയത്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലും നോട്ടീസ് പതിച്ച് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ജയന്‍ ഉള്‍പ്പടെ നിരവധിപേര്‍ പിടിയിലായിരുന്നു.


Tags:    

Similar News