ആര്‍എസ്എസ് ആക്രമണം തുടരുന്നു; പോലിസ് നിഷ്‌ക്രിയം

വെള്ളനാട് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. വിവിധ ഭാഗങ്ങളില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Update: 2019-01-02 15:22 GMT

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ മറവില്‍ തലസ്ഥാന ജില്ലയുടനീളം സംഘപരിവാരം വ്യാപകം അക്രമം അഴിച്ചുവിട്ടു. രാവിലെ തന്നെ സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അക്രമം ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമുണ്ടായി.



 


ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സംയുക്ത സമരസമിതിയുടെ സംഘാടക സമിതി ഓഫീസ് ബിജെപി സമരപന്തലില്‍ നിന്നെത്തിയവര്‍ അടിച്ചു തകര്‍ത്തു. നെയ്യാറ്റിന്‍കരയില്‍ ഗതാഗതം തടസപ്പെടുത്താന്‍ ദേശീയ പാതയില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു. വെള്ളനാട് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. വിവിധ ഭാഗങ്ങളില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പ്രാവച്ചമ്പലത്ത് മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പാറശാല ഡിപ്പോയിലെ ബസിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പൗഡിക്കോണത്ത് കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്കേറ്റു. പൂവാര്‍ ഡിപ്പോയിലെ രണ്ടു ബസ്സുകള്‍ വെടിവച്ചാന്‍ കോവിലിന് സമീപം അക്രമികള്‍ എറിഞ്ഞുതകര്‍ത്തു.


പാപ്പനംകോട് സിപിഎം കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. വെള്ളനാട് കെഎസ്ആര്‍ആര്‍ടിസി ഡിപ്പോയില്‍ പ്രതിഷേധവുമായെത്തി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സുകള്‍ അടിച്ചുതകര്‍ത്തു. തടയാന്‍ ശ്രമിച്ച ആര്യനാട് പോലിസ് സ്റ്റേഷനിലെ സിപിഒ റാഫിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വെള്ളനാട് ജങ്ഷന് സമീപത്തെ സിപിഎം ഓഫീസിലേക്ക് കല്ലേറ് നടത്തിയ അക്രമിസംഘം ഓഫീസ് അടിച്ചുതകര്‍ത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ബിജെപി, ആര്‍എസ്എസ് ജില്ല നേതാക്കളുടെ ഒത്താശയോടെയാണ് വ്യാപകമായി ആക്രമണം അഴിച്ചുവിട്ടതെന്നാണ് സിപിഎം ആരോപിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.





Tags: