മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഖത്തറില്‍ മലയാളി ഡോക്ടര്‍ രാജിവച്ചു

ദോഹ നസീം അല്‍ റബീഹിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ അജിത്കുമാറാണ് രാജിവച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് വിശദീകരണം ചോദിക്കുകയും ഡോക്ടര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

Update: 2019-12-21 16:34 GMT

ദോഹ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ട മലയാളി ഡോക്ടര്‍ ഖത്തറിലെ സ്വകാര്യാശുപത്രിയില്‍നിന്ന് രാജിവച്ചു. ദോഹ നസീം അല്‍ റബീഹിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ അജിത്കുമാറാണ് രാജിവച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് വിശദീകരണം ചോദിക്കുകയും ഡോക്ടര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ അടക്കം സമ്മര്‍ദം ശക്തമായതോടെ ഡോക്ടര്‍ സ്വയം രാജിവച്ചുപോവുകയായിരുന്നു.

വര്‍ഷങ്ങളായി ദോഹയിലെ നസിം അല്‍ റബീഹ് ക്ലിനിക്കില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ജോലിചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോക്ടര്‍ അജിത്കുമാര്‍, ഡോ.അജിത് എസ് മാളിയാടന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പൗരത്വ നിയമത്തിനെതിരേയും എന്‍ആര്‍സിക്കെതിരേയും ഇന്ത്യയൊട്ടുക്കും നടക്കുന്ന പ്രതിഷേധ സമരങ്ങളെ പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടത്.


വിമോചന സമരം രണ്ടാം ഭാഗമെന്ന നിലയില്‍ ഇപ്പോള്‍ നടക്കുന്നത് നരേന്ദ്രമോദിയെ താഴെയിറക്കാന്‍ ലക്ഷ്യമിട്ടാണെന്നും പറമ്പിലെ ചപ്പും ചവറും കൂട്ടിയിട്ട് തീക്കൊളുത്തി ക്രിമിനലുകളെ തെരുവിലിറക്കി പൊതുമുതല്‍ നശിപ്പിക്കുന്നതിനെ പൊതുജനപ്രക്ഷോഭമായി മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു ഡോക്ടറുടെ പരാമര്‍ശം. ഏറ്റവും എളുപ്പും ഇളക്കിവിടാവുന്ന വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് കലാപം സൃഷ്ടിക്കുകയാണെന്നു പറയുന്ന പോസ്റ്റ്, പൗരത്വ നിയമത്തിനെതിരേ പ്രതികരിച്ച സംസ്‌കാരികനായകരെ ശ്വാനന്‍മാരെന്നും വിശേഷിപ്പിക്കുന്നു. ഏതെങ്കിലും മതസമൂഹങ്ങളുടെയോ വ്യക്തികളുടെയോ മറ്റു വിഭാഗങ്ങളുടെയോ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടാല്‍ കടുത്ത നടപടികളുണ്ടാവുമെന്ന് അറിയിച്ചുകൊണ്ട് മാനേജ്‌മെന്റ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

Tags:    

Similar News