സംസ്ഥാനത്ത് പരീക്ഷകള്‍ മാറ്റിവയ്ക്കാത്തത് ആശങ്കാജനകം: രമേശ് ചെന്നിത്തല

കേന്ദ്രത്തില്‍നിന്ന് കൊറോണയുടെ വ്യാപനം തടയുന്നതിന് കടുത്ത നിര്‍ദേശങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് അവഗണിച്ച് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ പതിമൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വിവിധ പരീക്ഷകളില്‍ പങ്കെടുക്കുന്നത്.

Update: 2020-03-19 13:29 GMT

തിരുവനന്തപുരം: യുജിസിയും സെന്‍ട്രല്‍ പരീക്ഷാ ബോര്‍ഡും ആവശ്യപ്പെട്ടിട്ടും യൂനിവേഴ്‌സിറ്റി പരീക്ഷകളടക്കം മാറ്റിവയ്ക്കാത്ത നടപടി ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവേകത്തോടുള്ള തീരുമാനം കൈക്കൊള്ളാന്‍ തയ്യാറാകണം. കേന്ദ്രത്തില്‍നിന്ന് കൊറോണയുടെ വ്യാപനം തടയുന്നതിന് കടുത്ത നിര്‍ദേശങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് അവഗണിച്ച് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ പതിമൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വിവിധ പരീക്ഷകളില്‍ പങ്കെടുക്കുന്നത്. കൊറോണ വൈറസ് സാമൂഹ്യവ്യാപനം ഉണ്ടാകുമെന്ന ആശങ്ക കാരണമാണ് പരീക്ഷ മാറ്റിവയ്ക്കണമെന്നുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഒട്ടുമിക്ക കോളജ് ഹോസ്റ്റലിലും അവധി നല്‍കിയിരിക്കുകയാണ്. വിവിധ ജില്ലകളില്‍നിന്നും നിരവധി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു ജില്ലകളില്‍പോയി പരീക്ഷ എഴുതേണ്ടതുണ്ട്. അവര്‍ക്ക് സുരക്ഷിതമായ താമസസൗകര്യമോ ഭക്ഷണമോ ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്ക മാതാപിതാക്കള്‍ക്കുണ്ട്. ചില സംസ്ഥാനങ്ങള്‍ പൊതുഗതാഗതം പോലും നിരോധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒരു പരീക്ഷണത്തിന് തയ്യാറാകാതെ അടിയന്തരമായി മാര്‍ച്ച് 31 വരെയെങ്കിലും പരീക്ഷകള്‍ മാറ്റിവയ്ക്കണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ മാറ്റി വച്ചുകൊണ്ടുള്ള തീരുമാനം സ്വാഗതാര്‍ഹമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Tags: