പയ്യന്നൂരിൽ പെട്രോളിയം സംഭരണി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുക: രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

പെട്രോളധിഷ്ഠിത വാഹനങ്ങൾ പത്തു വർഷത്തിനുള്ളിൽ പൂർണമായും ഒഴിവാക്കി, ഇലെക്ട്രിക്കൽ വാഹനങ്ങൾ പകരം കൊണ്ടു വരികയെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം.

Update: 2019-12-06 09:16 GMT

കണ്ണൂർ: പയ്യന്നൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാനും പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. പാർലിമെന്റിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ള 85 ഏക്കർ സ്ഥലം കണ്ടൽ കാടുകൾ, നെൽവയലുകൾ, ജലാശയങ്ങൾ, നദികൾ, കായലുകൾ എന്നിവ ഉൾകൊള്ളുന്ന പാരിസ്ഥിതികമായി സവിശേഷതകളുള്ള പ്രദേശമാണെന്നും കൂടാതെ പ്രദേശവാസികളുടെ ഉപജീവനമാർഗമായ കൃഷിയേയും മത്സ്യബന്ധനത്തേയും പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നും എംപി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ നേവൽ അക്കാദമിയിൽ നിന്ന് കേവലം രണ്ടു കിലോമീറ്റർ അകലെയാണ് നിർദ്ദിഷ്ട പെട്രോളിയം സംഭരണ ടെർമിനൽ. അന്താരാഷ്ട്ര തലത്തിൽ പെട്രോളിയം സംഭരണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ഒരു പ്ലാന്റ് ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന കാര്യമാണെന്നും എംപി വ്യക്തമാക്കി.

ബിപിസിഎൽ ഓഹരികൾ കേന്ദ്ര സർക്കാർ വിറ്റഴിക്കുന്ന സാഹചര്യത്തിൽ, പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റടുക്കാൻ കേരളാ സർക്കാർ വിമുഖത പ്രകടിപ്പിച്ചിരുന്നു. കൂടാതെ പെട്രോളധിഷ്ഠിത വാഹനങ്ങൾ പത്തു വർഷത്തിനുള്ളിൽ പൂർണമായും ഒഴിവാക്കി, ഇലെക്ട്രിക്കൽ വാഹനങ്ങൾ പകരം കൊണ്ടു വരികയെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം. പദ്ധതിക്കെതിരേ പ്രദേശവാസികൾ പ്രക്ഷോഭ പാതയിലുമാണ്. ഇക്കാരണങ്ങളാൽ പയ്യന്നൂരിലെ നിർദിഷ്ട പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു

Similar News