രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചത് കേരളത്തിനേറ്റ കളങ്കം: ഇ ടി

രണകൂട വേട്ടയെ അതിജീവിച്ച് രാജ്യത്താകെ മതേതര ചേരിക്കായി ഓടി നടക്കുന്ന അദ്ദേഹത്തെ സിപിഎമ്മും ലക്ഷ്യം വെക്കുന്നത് നീതീകരിക്കാനാവാത്തതാണ്.

Update: 2022-06-24 17:21 GMT

കോഴിക്കോട്: ഇന്ത്യന്‍ മതേതര ചേരിയുടെ മുന്നണിപ്പോരാളിയായ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമിക്കപ്പെട്ടത് പ്രബുദ്ധ കേരളത്തിനേറ്റ കളങ്കമാണെന്ന് മുസ്്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. ബിജെപിക്ക് ഒരു സീറ്റുപോലും നല്‍കാതെ രാജ്യത്തിന് മാതൃകയായവരാണ് മലയാളികള്‍. നാലര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വയനാടന്‍ ജനത രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തയച്ചത്.

കാണാന്‍ പോലും കിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് പരിഹസിച്ചവരുടെ പോലും വായടപ്പിക്കുന്ന രീതിയില്‍ മണ്ഡലത്തില്‍ നിരന്തരം എത്തിയും ജനകീയ പ്രശ്‌നങ്ങലില്‍ ഇടപെട്ടും മികച്ച പ്രകടനമാണ് അവിടെ രാഹുല്‍ നടത്തുന്നത്. ഭരണകൂട വേട്ടയെ അതിജീവിച്ച് രാജ്യത്താകെ മതേതര ചേരിക്കായി ഓടി നടക്കുന്ന അദ്ദേഹത്തെ സിപിഎമ്മും ലക്ഷ്യം വെക്കുന്നത് നീതീകരിക്കാനാവാത്തതാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുത്ത് ജനാധിപത്യ വിശ്വാസികളുടെ മുറിവേറ്റ മനസ്സിന് ആശ്വാസം പകരാന്‍ അമാന്തിക്കരുതെന്നും ഇ ടി ആവശ്യപ്പെട്ടു.

Tags: