പ്രേമചന്ദ്രനെതിരായ 'പരനാറി' പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിണറായി

താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടു- പിണറായി ചോദിച്ചു.

Update: 2019-04-04 11:31 GMT

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരേ നടത്തിയ 'പരനാറി' പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടു- പിണറായി ചോദിച്ചു.

പ്രേമചന്ദ്രനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കൊല്ലത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ പ്രചാരണപരിപാടിക്കിടെ എന്‍ കെ പ്രേമചന്ദ്രനെ പ്രസംഗവേദിയില്‍ 'പരനാറി' എന്ന് വിശേഷിപ്പിച്ച പിണറായിയുടെ പരാമര്‍ശം വന്‍വിവാദം സൃഷ്ടിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന്‍ യുഡിഎഫിലേക്ക് പോയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി 'പരനാറി' പ്രയോഗം നടത്തിയത്. കൊല്ലത്തെ സിറ്റിങ് എംപിയായ എന്‍ കെ പ്രേമചന്ദ്രനെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ എന്‍ ബാലഗോപാലാണ് മല്‍സരിക്കുന്നത്. അതേസമയം, സിപിഎമ്മിനെ വിമര്‍ശിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നീട് മറുപടി പറയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിക്കെതിരായ സമീപനമല്ല രാഹുല്‍ സ്വീകരിച്ചതെന്നും ഡല്‍ഹിയിലെയും യുപിയിലെയും രാഹുലിന്റെ സമീപനം തെറ്റാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News