പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം വര്‍ധിച്ചു; വില്‍പ്പന കൂടി

മാര്‍ച്ച് മാസം അവസാന ആഴ്ചയിലും ഏപ്രിലിലുമായി കൂപ്പുകുത്തിയ പെട്രോളിയം ഉല്‍പന്ന വിപണി ജൂണ്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഉണര്‍വിന്റെ പാതയിലാണെന്നാണ് വിലയിരുത്തല്‍. വില്‍പ്പനയും ഉപഭോഗവും ലോക്ഡൗണിനു മുന്‍പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തി തുടങ്ങി.ലോകത്തിലെ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പന കൊവിഡ് മഹാവ്യാധിയുടെ വ്യാപനം മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്ന് 2007ലേതിനേക്കാള്‍ താഴെ പോയിരുന്നു

Update: 2020-07-03 10:41 GMT

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളുടെ മൊത്തത്തിലുള്ള ഉപഭോഗത്തില്‍ വര്‍ധനവുണ്ടായതായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.ആവശ്യകത വര്‍ധിക്കുകയും വില്‍പ്പന വര്‍ധിക്കുകയും ചെയ്തു. മാര്‍ച്ച് മാസം അവസാന ആഴ്ചയിലും ഏപ്രിലിലുമായി കൂപ്പുകുത്തിയ പെട്രോളിയം ഉല്‍പന്ന വിപണി ജൂണ്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഉണര്‍വിന്റെ പാതയിലാണെന്നാണ് വിലയിരുത്തല്‍. വില്‍പ്പനയും ഉപഭോഗവും ലോക്ഡൗണിനു മുന്‍പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തി തുടങ്ങി.ലോകത്തിലെ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പന കൊവിഡ് മഹാവ്യാധിയുടെ വ്യാപനം മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്ന് 2007ലേതിനേക്കാള്‍ താഴെ പോയിരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതും, ഘട്ടംഘട്ടമായി സാമ്പത്തിക മേഖലയില്‍ നടക്കുന്ന അണ്‍ലോക്കും വ്യവസായങ്ങളുടെ പുനരാരംഭത്തിനും ആളുകളുടെ സഞ്ചാരത്തിനും തുടക്കമിട്ടതും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ജൂണ്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണിലെ ഉപഭോഗത്തിന്റെ 88 ശതമാനത്തില്‍ എത്തി. വ്യാവസായിക ഇന്ധനങ്ങളായ സള്‍ഫര്‍, പെറ്റ്കോക്ക്, നാഫ്ത എന്നിവയുടെ ആവശ്യം യഥാക്രമം 89.3 ശതമാനം, 118 ശതമാനം, 80.7 ശതമാനം എന്നിങ്ങനെയായപ്പോള്‍ സമുദ്ര ഇന്ധനങ്ങളുടെ ആവശ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 38.5 ശതമാനം ആണ്. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ (ഒ എം സി) റിഫൈനറികളുടെ ക്രൂഡ് ഓയില്‍ ത്രൂപുട്ട് ഇതിനകം തന്നെ 85 ശതമാനം കവിഞ്ഞു. ഏപ്രില്‍ 20ന്റെ തുടക്കത്തില്‍ ഇത് വെറും 55 ശതമാനം ആയിരുന്നു.വ്യാവസായിക അടിസ്ഥാനത്തില്‍ പെട്രോള്‍ ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ 2.4 ദശലക്ഷം മെട്രിക്ക് ടണിന്റെ 85 ശതമാനം നേടി ഈ ജൂണില്‍ 2 ദശലക്ഷം മെട്രിക് ടണ്ണില്‍ എത്തി.

അതേസമംയ ഡീസലിന്റെ ഉപഭോഗം 6.7 ദശലക്ഷം മെട്രിക്ക് ടണ്ണിന്റെ 82 ശശതമാനം നേടി ജൂണില്‍ 5.5 ദശലക്ഷം മെട്രിക് ടണ്ണിലെത്തി.കാലവര്‍ഷത്തിന്റെ സമയോചിത വരവും കാര്‍ഷികവൃത്തിയുടെ വര്‍ധനവും ഡീസല്‍ ഉപഭോഗം ഏപ്രിലിലെ 2.8 ദശലക്ഷം മെട്രിക്ക് ടണ്ണില്‍ നിന്ന് 96 ശതമാനം വര്‍ധിച്ച് ജൂണില്‍ 5.5 ദശലക്ഷം മെട്രിക്ക് ടണ്ണില്‍ എത്തി.എല്‍ പി ജിയുടെ ആവശ്യകതയും നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണിലെ അപേക്ഷിച്ചു ഈ വര്‍ഷം 16.6 ശതമാനം വളര്‍ച്ചയാണ് എല്‍ പി ജി ഉപഭോഗം രേഖപ്പെടുത്തിയതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു.33 ശതമാനം ശേഷിയില്‍ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയതും, വന്ദേഭാരത് മിഷന്‍ മുഖാന്തിരം പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യങ്ങളും വിമാന ഇന്ധനത്തിന്റെ ഉപഭോഗത്തില്‍ ഏപ്രിലിനെ അപേക്ഷിച്ചു നാല് മടങ്ങു വര്‍ധന രേഖപ്പെടുത്തി.

ഏപ്രിലില്‍ 52 ടി എം ടി ആയിരുന്ന വിമാന ഇന്ധന ഉപഭോഗം ജൂണ്‍ മാസത്തില്‍ 201 ടി എം ടി ആയി വര്‍ധിച്ചു. പ്രധാന റോഡ് നിര്‍മാണ പദ്ധതികള്‍ പുനരാരംഭിച്ചത് ബിറ്റുമെന്‍ ഉപഭോഗം കഴിഞ്ഞ വര്‍ഷം ജൂണിലേതിനേക്കാള്‍ 32 ശതമാനം വര്‍ധന ഈ ജൂണില്‍ രേഖപ്പെടുത്തി.എല്ലാ പെട്രോളിയം ഉല്‍പന്നങ്ങളുടേയും ഉപഭോഗം ഏപ്രിലില്‍ 49 ശതമാനമായി. (ഏപ്രില്‍ 20ന് 6.6 ദശലക്ഷം മെട്രിക്ക് ടണ്‍, ഏപ്രില്‍ 19ന് 13.4 ദശലക്ഷം മെട്രിക്ക് ടണ്‍) എന്നതില്‍ നിന്ന് ജൂണ്‍ 20ല്‍ 88 ശതമാനം (11.8 ദശലക്ഷം മെട്രിക്ക് ടണ്‍) എന്ന നിലയില്‍ ഗണ്യമായി വര്‍ധിച്ചതായും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. 

Tags:    

Similar News