പത്തു ലക്ഷം യാത്രക്കാരുടെ വര്‍ധനവുമായി നെടുമ്പാശേരി വിമാനത്താവളം

2021ല്‍ 43,06,661 യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളം വഴി സഞ്ചരിച്ചത്. 2020ല്‍ ഇത് 33,37,830 ആയിരുന്നു. ഏകദേശം ഒരു ദശലക്ഷത്തിന്റെ വര്‍ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Update: 2022-01-05 10:41 GMT

കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൊവിഡ് മഹാമാരി സൃഷ്ടിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വിമാന സര്‍വീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തില്‍ നെടുമ്പാശേരി വിമാനത്താവളം രേഖപ്പെടുത്തിയത് ശക്തമായ വളര്‍ച്ചയെന്ന് കണക്കുകള്‍. 2021ല്‍ 43,06,661 യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളം വഴി സഞ്ചരിച്ചത്. 2020ല്‍ ഇത് 33,37,830 ആയിരുന്നു. ഏകദേശം ഒരു ദശലക്ഷത്തിന്റെ വര്‍ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സുസ്ഥിരമായ വളര്‍ച്ചാ നിരക്കോടെ, 2021ലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ മൂന്നാമത്തെ തിരക്കുള്ള വിമാനത്താവളമെന്ന സ്ഥാനം നെടുമ്പാശേരി വിമാനത്താവളം(കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) നിലനിര്‍ത്തി. 2021ല്‍ 18,69,690 രാജ്യാന്തര യാത്രക്കാരെയാണ് ആണ് സിയാല്‍ കൈകാര്യം ചെയ്തത് , അത് 2020ല്‍ 14,82,004 ആയിരുന്നു . വിമാന സര്‍വീസുകള്‍ 2020ലെ 30,737 ല്‍ 2021ല്‍ 41,437 ആയി ഉയര്‍ന്നു.

കൂടുതല്‍ എയര്‍ലൈനുകളെ ആകര്‍ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളാണ് എയര്‍ ട്രാഫിക് വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിരന്തര പരിശ്രമ ഫലം കൊണ്ട് എല്ലാ രാജ്യാന്തര ട്രാവല്‍ ഹബ്ബുകളില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാന്‍ സാധിച്ചു. ഗള്‍ഫ് രാജങ്ങളിലേക്ക് നിലവില്‍ ആഴ്ചയില്‍ 185 സര്‍വീസുകള്‍ക്ക് സിയാല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും എസ് സുഹാസ് പറഞ്ഞു.

2021 പകുതിയോടെ ലണ്ടനിലേയും സിംഗപ്പൂരിലേക്കും നേരിട്ടുള്ള ഫ്‌ളൈറ്റ് സര്‍വീസുകള്‍ സിയാല്‍ പുനരാരംഭിച്ചു . എയര്‍ അറേബ്യ, ഷാര്‍ജ സര്‍വീസുകള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള പ്രതിദിന സര്‍വീസും തുടങ്ങി

കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിന് സമാനമായ വളര്‍ച്ചയാണ് ആഭ്യന്തര മേഖലയില്‍ ഇപ്പോള്‍ ഉണ്ടായത്. 2021 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ഒരു ദിവസം 50 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ ഇപ്പോള്‍ സിയാലില്‍ നിന്നും ഉണ്ട്.യുഎഇയുടെ പരമോന്നത ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുള്ള സിയാലിന്റെ സമയോചിതമായ പ്രതികരണം ജൂലൈ മുതല്‍ തന്നെ യുഎഇ സേവനങ്ങള്‍ ആരംഭിക്കുന്നതിന് സിയാലിനെ സഹായിച്ചു. യാത്രക്കാര്‍ക്ക് സൗകര്യമൊരുകികൊണ്ട് സിയാല്‍ റാപ്പിഡ് പിസിആര്‍, ആര്‍ടിപിസിആര്‍ പരിശോധനകകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട് , ഇപ്പോള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ടെസ്റ്റിംഗ് ലാബുകളകളില്‍ ഒരേസമയം 900 പരിശോധനകള്‍ നടത്താമെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News