പെരിയ ഇരട്ടക്കൊലപാതകം: പോലിസ് അന്വേഷിച്ചാല്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ രക്ഷപെടുമെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയില്‍

യുവാക്കളെ വെട്ടിക്കൊന്നത് രാഷ്ട്രീയ പകപോക്കല്‍ ആയിരുന്നു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിനു മുന്‍പും ശേഷവും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹരജി ഭാഗം അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ പോലിസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടും. പോലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി

Update: 2019-06-11 14:51 GMT

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിതിന്റെ അന്വേഷണം സിബി ഐയക്ക് വിടണമെന്ന് ആവശ്യപെടുന്നത് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാല്‍ പോലീസ് അന്വേഷിച്ചാല്‍ അവര്‍ രക്ഷപെടുമെന്നതിനാലാണെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് രേഖകളില്‍ നിന്നു വ്യക്തമാണെന്നു ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ടി ആസഫലി കോടതിയില്‍ ചൂണ്ടിക്കാട്ടി. പെരിയയില്‍ രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ക്രൂരമായ സംഭവമാണെന്ന് ഹൈക്കോടതി പറഞ്ഞു. എന്തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി ഹരജിക്കാരോട് ആരാഞ്ഞു.

രണ്ട് യുവാക്കളെ വെട്ടിക്കൊന്നത് രാഷ്ട്രീയ പകപോക്കല്‍ ആയിരുന്നു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിനു മുന്‍പും ശേഷവും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹരജി ഭാഗം അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ പോലിസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടും. പോലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവര റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ അത് വ്യക്തി വൈരാഗ്യമെന്നായി. അന്വേഷണ വിവരങ്ങള്‍ ചോരുന്നുണ്ടെന്നും പോലിസില്‍ ചാരനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഈ ഉദ്യോഗസ്ഥനെ മാറ്റിയെന്നും ഇത് ഉന്നത ഇടപെടല്‍ മൂലമാണെന്നും ഹരജിക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ കൂടുതല്‍ വാദം നാളെയും തുടരും. 

Tags:    

Similar News