പെരിയ കൊലപാതകം: അന്വേഷണ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം

കേസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് രാജാ വിജയരാഘവന്‍ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

Update: 2019-04-02 14:47 GMT

കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ സി ബി ഐയുടെ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് രാജാ വി ജയരാഘവന്‍ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.പ്രധാന തെളിവുകള്‍ ഇല്ലാതാക്കാന്‍ നിലവിലുള്ള അന്വേഷണ സംഘം ശ്രമിക്കുകയാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു. സി പി എമ്മിന്റെ എം എല്‍ എ കേസിലെ പ്രതിയെ മോചിപ്പിച്ചുവെന്നു ഹരജിയില്‍ പറയുന്നു. അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണമെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. ടി ആസഫലി കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചില്ലെങ്കില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപെടാനിടയാകുമെന്നും ഹരജിയില്‍ പറയുന്നു. കൊലപാതക ഗൂഡാലോചനയ്ക്കു പിന്നിലെ ഉന്നതരെ കണ്ടെത്തണമെന്നും പ്രതികള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ സ്വാധീനത്തിനു വഴങ്ങിയാണ് നിലവിലെ അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. 

Tags:    

Similar News