പാലാരിവട്ടം മേല്‍പാലം പുതുക്കിപണിയാന്‍ 10 മാസം; ഗതാഗതകുരുക്കില്‍ വലഞ്ഞ് കൊച്ചി

ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം വിശദമായി പരിശോധന നടത്തി സര്‍ക്കാരിന് കഴിഞ്ഞ ദിവസം റിപോര്‍ട് സമര്‍പ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്.പാലത്തിന്റെ നിലവിലെ അവസ്ഥയില്‍ അറ്റകുറ്റപണികള്‍ നടത്തിയാലും വാഹനഗതാഗതം ദുഷ്‌കരമായിരിക്കുമെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പാലം 20 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും തകരുമെന്നുമണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണ ആവശ്യമാണെന്നും നിര്‍ദേശിക്കുന്ന റിപോര്‍ട്ടില്‍ നിലവിലെ സാഹചര്യത്തില്‍ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

Update: 2019-07-06 04:01 GMT

കൊച്ചി: തകര്‍ച്ചയിലായ പാലാരിവട്ടം മേല്‍പാലം പുതുക്കി പണിത് ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ 10 മാസം വേണ്ടിവരുന്നതോടെ കൊച്ചിയില്‍ ഗതാഗതകുരുക്ക് കൂടുതല്‍ രൂക്ഷമാകും. കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്ത പാലാരിവട്ടം മേല്‍പാലം രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് തകരാറിലാകുകയായിരുന്നു.ഇതോടെ കഴിഞ്ഞ മെയ്മുതല്‍ പാലം അടച്ചിട്ടിരിക്കുകയാണ്.ചെന്നൈ ഐ ഐ ടിയില്‍ നിന്നുള്ള വിദഗ്ദ സംഘങ്ങങ്ങള്‍ പാലത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടും അപാകതയുമാണ് പാലത്തിന്റെ നിര്‍മാണത്തില്‍ കണ്ടെത്തിയത്.തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെ വീണ്ടും പാലം പരിശോധിച്ച് റിപോര്‍ട് നല്‍കാന്‍ നിയോഗിച്ചു. ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം വിശദമായി പരിശോധന നടത്തി സര്‍ക്കാരിന് കഴിഞ്ഞ ദിവസം റിപോര്‍ട് സമര്‍പ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്.

പാലത്തിന്റെ നിലവിലെ അവസ്ഥയില്‍ അറ്റകുറ്റപണികള്‍ നടത്തിയാലും വാഹനഗതാഗതം ദുഷ്‌കരമായിരിക്കുമെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പാലം 20 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും തകരുമെന്നുമണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണ ആവശ്യമാണെന്നും നിര്‍ദേശിക്കുന്ന റിപോര്‍ട്ടില്‍ നിലവിലെ സാഹചര്യത്തില്‍ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പാലം പുതുക്കി പണിയാന്‍ 10 മാസങ്ങള്‍ വേണ്ടി വരുമെന്നും ഇതിന് 18 കോടിയിലധികം രൂപ വേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. 42 കോടിയിലധികം രൂപ ചിലവഴിച്ചാണ് പാലം നിര്‍മിച്ചത്.നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടും അപാകതയുമാണ് നടന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വാഹന തിരക്ക് ഏറെയുള്ള ഈ റോഡിലൂടെ ദിനം പ്രതി ആയിരക്കണക്കിന് വാഹനമാണ് കടന്നു പോകുന്നത്.തിരുവനന്തപുരം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തു നിന്നും കടന്നു വരുന്ന വാഹനങ്ങളും എറണാകുളത്ത് നിന്നും കാക്കനാട് ഭാഗത്തേയ്ക്കും തിരിച്ചും വരുന്ന വാഹനങ്ങളും പാലാരിവട്ടം ബൈപാസ് ജംഗ്ഷമനിലെ സിഗ്നലില്‍ കിടന്ന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് പാലാരിവട്ടം മേല്‍പാലം നിര്‍മിച്ചത്.പാലം ഗതാഗത്തിന് തുറന്നു കൊടുത്ത സമയത്ത് നല്ല രീതിയില്‍ മാറ്റം വന്നിരുന്നു. എന്നാല്‍ പാലം അടച്ചതോടെ പഴയതിനേക്കാള്‍ രൂക്ഷമായ അവസ്ഥയിലാണ്.നിലവില്‍ രാവിലെയും വൈകുന്നേരങ്ങളിലും മണിക്കൂറുകല്‍ കാത്തു കിടന്നാണ് വാഹനങ്ങള്‍ സിഗ്നല്‍ കടന്ന് യാത്ര തുടരുന്നത്. മഴക്കാലമായതോടെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതും ചെളിനിറയുന്നതും ഇരുചക്ര വാഹന യാത്രക്കാരെയടക്കം വലയ്ക്കുകയാണ്. 

Tags:    

Similar News