മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി

കേരളത്തില്‍ നിലനില്‍ക്കുന്ന സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുവാനുള്ള ഗൂഢാലോചനയുടെ തെളിവാണ് കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലിസെടുത്ത കേസ്.

Update: 2019-01-16 14:45 GMT

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മതസൗഹാര്‍ദ്ദവും ആചാരക്രമങ്ങളും സംരക്ഷിക്കുന്നതിനു പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ ശ്രമമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നലെ കൊല്ലത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇതാണ് തെളിയിക്കുന്നത്. സംഘര്‍ഷം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് മാര്‍കിസ്റ്റ് പാര്‍ട്ടിയും ബിജെപിയും ശ്രമിക്കുന്നതെന്ന യുഡിഎഫിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമെന്നും പകല്‍പോലെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിലും പത്തനംതിട്ടയിലും മാത്രമല്ല പൊതുസമൂഹത്തിലും ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോണ്‍ഗ്രസ്സും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി കേസ് പരിഗണിച്ച അവസരത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ നിലപാടില്‍ നിന്നും അണുവിട മാറിയിട്ടില്ല. മറിച്ച് ബിജെപിയും ആര്‍എസ്എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ എരുതീയില്‍ എണ്ണയൊഴിക്കു സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചത്.

കേരളത്തില്‍ നിലനില്‍ക്കുന്ന സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുവാനുള്ള ഗൂഢാലോചനയുടെ തെളിവാണ് കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലിസെടുത്ത കേസ്. മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനും മനപൂര്‍വ്വം ശ്രമിച്ച കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൂര്‍ണമായും ന്യായീകരിക്കാനും കേസെടുത്ത പോലിസിനെ ശക്തമായി വിമര്‍ശിക്കുവാനുമാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തയ്യാറായത്. പരസ്യമായി പ്രതികളെ സംരക്ഷിക്കുന്ന സിപിഎം വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച് മതന്യൂനപക്ഷ വികാരം മുതലെടുക്കാനാണ് ശ്രമിക്കുന്നത്.


Tags:    

Similar News