അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന്; എന്‍ ഐ എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് എന്‍ ഐ എ കോടതിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. അതേ സമയം ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത് നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് എന്‍ ഐ എ വിചാരണക്കോടതിയോട് അഭ്യര്‍ഥിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല

Update: 2020-09-11 07:00 GMT

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്,താഹ ഫസല്‍ എന്നിവര്‍ക്ക് എന്‍ ഐ എ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഐഎ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് എന്‍ ഐ എ കോടതിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. അതേ സമയം ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത് നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് എന്‍ ഐ എ വിചാരണക്കോടതിയോട് അഭ്യര്‍ഥിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

ജാമ്യം അനുവദിച്ചത് നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണ്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള എന്‍ ഐ എ കോടതിയുടെ ഉത്തരവ് അലനെയും താഹയെയും പാര്‍പ്പിച്ചിരിക്കുന്ന ജെയിലില്‍ എത്തിച്ച് അധികൃതര്‍ക്ക് കൈമാറിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് ഇന്ന് തന്നെ പുറത്തിറങ്ങാന്‍ കഴിയും. മാവോവാദി സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് കോഴിക്കോട് പന്തിരങ്കാവില്‍ നിന്നും രണ്ട് 2019 നവംബര്‍ ഒന്നിനാണ് അലനെയും താഹയെയും പോലിസ് അറസ്റ്റ് ചെയ്തത് പിന്നീട് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തുകയും തുടര്‍ന്ന് എന്‍ ഐ എ കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു. ഇതിനു ശേഷം നിരവധി തവണ ജാമ്യാപേക്ഷയുമായി ഇവര്‍ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. 10 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും എന്‍ഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയ യുഎപി.എ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 

Tags:    

Similar News