മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന ആരോപണം: ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ഫിറോസ് പിന്‍വലിച്ചു

ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നോയെന്ന് ഹൈക്കോടതി ഫിറോസിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അനുമതി തേടിയിരുന്നില്ലെന്ന് ഫിറോസ് അറിയിച്ചു. ഇപ്പോള്‍ അനുമതി തേടി ഗവര്‍ണര്‍,സര്‍ക്കാര്‍ എന്നിവര്‍ക്ക് ഹരജി നല്‍കിയ സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചതെന്ന് ഫിറോസ് പറഞ്ഞു

Update: 2019-07-11 14:25 GMT

കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു.ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നോയെന്ന് ഹൈക്കോടതി ഫിറോസിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അനുമതി തേടിയിരുന്നില്ലെന്ന് ഫിറോസ് ഹൈക്കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ഹരജി പിന്‍വലിക്കാന്‍ തീരൂമാനിച്ച് അപേക്ഷ നല്‍കിയത്.ഫിറോസിന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം മന്ത്രിമാര്‍, എം എല്‍ മാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായി മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള അനുമതി ചോദിച്ചാല്‍ ലഭിക്കില്ലെന്ന വിശ്വാസത്താലാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ അനുമതി തേടാതിരുന്നതെന്ന് ഫിറോസ് തേജസ് ന്യൂസിനോട് പറഞ്ഞു.

കോടതി ഇത്തരത്തില്‍ ഒരു സാങ്കേതികത്വം പറഞ്ഞ സാഹചര്യത്തില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഹരജി നല്‍കിയിട്ടുണ്ട്.ഈ ഹരജിയില്‍ മറുപടി ലഭിക്കന്നതുവരെ കോടതിയില്‍ ഹരജിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹരജി പിന്‍വലിച്ചത്.സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെങ്കില്‍ ഇക്കാര്യം ചൂണ്ടികാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു.കെ ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്താത്തതിനെതിരെയായിരുന്നു കോടതിയെ സമീപിച്ചത്.നിയമനവുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയുടെ പരിഗണനയിലുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.

Tags:    

Similar News