ഖുര്‍ആന്‍ വിതരണം: മന്ത്രി കെ ടി ജലീല്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാവും

Update: 2020-11-09 03:50 GMT

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവത്തില്‍ ചട്ടലംഘനങ്ങളുണ്ടെന്ന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനു വേണ്ടിയെന്ന പേരില്‍ നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നതെന്നും ഇവ പുറത്ത് വിതരണം ചെയ്തതിലൂടെ നികുതിയിളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്നുമാണ് വിലയിരുത്തല്‍. മാത്രമല്ല, ഒരു വിദേശരാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നും വിദേശകാര്യമന്ത്രാലയം വഴി മാത്രമേ ആശയവിനിമയം പാടുള്ളൂവെന്ന ചട്ടങ്ങളും ലംഘിച്ചെന്നാണ് കസ്റ്റംസ് നിഗമനം. ഇക്കാര്യത്തില്‍ വിശദമായി ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. നേരത്തേ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ മന്ത്രി കെ ടി ജലീലിനെ എന്‍ ഐഎ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പ്രതിയെന്ന നിലയിലല്ല, സാക്ഷിയെന്ന നിലയിലാണ് ചോദ്യം ചെയ്തതെന്ന് തെളിവുസഹിതം ജലീല്‍ പ്രസ്താവിച്ചിരുന്നു.

Minister K T Jaleel present before customes today


Tags:    

Similar News