മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി

Update: 2019-02-06 10:43 GMT

തിരുവനന്തപുരം: മഴക്കാലത്ത് കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മഴക്കാലത്ത് ഖനനം നടത്തുന്നതാണ് കടലാക്രമണം വര്‍ധിക്കാനും കര എടുക്കാനും കാരണമെന്ന് നിയമസഭ പരിസ്ഥിതി സമിതി റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. അതിനാല്‍ മഴക്കാലത്തെ ഖനനം നിര്‍ത്താനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ പോവുന്നത്. നിയമസഭാ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിനായി വ്യവസ്ഥകള്‍ കൊണ്ടുവരും. തീരം സംരക്ഷിച്ച് ഖനനം മുന്നോട്ടുകൊണ്ടുപോവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും പി സി ജോര്‍ജിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പാട്ട് ഖനന വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തില്‍ കരിമണല്‍ ഖനനത്തിന് നിയന്ത്രണം കൊണ്ടുവരുണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. കരിമണല്‍ ഖനന മേഖലയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണം കരയെടുത്ത് പോവുന്നതാണ്. ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും പി സി ജോര്‍ജ് പറഞ്ഞു.


Tags:    

Similar News