തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇടതുപക്ഷം തിരിച്ചുവരുമെന്ന് പി രാജീവ്

വിശ്രമ രഹിതമായി പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവരെ , നിരാശപ്പെടേണ്ടതില്ല. ചരിത്രത്തിന്റെ പ്രയാണം പിരിയന്‍ ഗോവണി പോലെയാണ്. കയറ്റിറക്കങ്ങള്‍, വളവു തിരിവുകള്‍.... തിരിച്ചിറങ്ങുകയണോയെന്ന് തോന്നിയെന്നു വരാം, എന്നാല്‍ ചരിത്രത്തിന്റെ പ്രയാണം മുന്നോട്ട് തന്നെ.മോദി ഭീതി യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചു. ചരിത്ര അനുഭവങ്ങള്‍ ഭീതിയുടെ ഇരുട്ടില്‍ മറന്നതായി നടിച്ചു. ഇതല്ലാതെയും എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പരിശോധിച്ച് തിരുത്തും

Update: 2019-05-25 04:01 GMT

കൊച്ചി: എല്ലാ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍കൊണ്ട്, തിരുത്തി, കൂടുതല്‍ കരുത്തോടെ ഇടതുപക്ഷ രാഷ്ട്രീയ ശക്തിപ്പെടുമെന്ന് എറണാകുളം ലോക് സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുന്‍ എംപി പി രാജീവ്. വിശ്രമ രഹിതമായി പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവരെ , നിരാശപ്പെടേണ്ടതില്ല. ചരിത്രത്തിന്റെ പ്രയാണം പിരിയന്‍ ഗോവണി പോലെയാണ്. കയറ്റിറക്കങ്ങള്‍, വളവു തിരിവുകള്‍.... തിരിച്ചിറങ്ങുകയണോയെന്ന് തോന്നിയെന്നു വരാം, എന്നാല്‍ ചരിത്രത്തിന്റെ പ്രയാണം മുന്നോട്ട് തന്നെയെന്നും ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിനേറ്റ കനത്ത പരാജയത്തിനു പിന്നാലെ പി രാജീവ് തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു. ഇടതുപക്ഷം അപ്രസക്തമാകില്ല. സൂര്യന്‍ അസ്തമിക്കുന്നില്ല, കാര്‍ മേഘങ്ങള്‍ക്ക് ക്ഷണിക നേരത്തേക്ക് മറച്ചു വെയ്ക്കാമെന്നു മാത്രം. കൂടുതല്‍ പ്രകാശത്തോടെ ഇടതു പക്ഷ രാഷ്ട്രീയം ശക്തിപ്പെടുക തന്നെ ചെയ്യും.

പൊതുപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് പാര്‍ലമെന്ററി രംഗം. വിജയിക്കാനായില്ലെങ്കിലും ഇതും ഒരു അനുഭവമാണ്. ഓരോ അനുഭവവും ഓരോ പാഠമാണ്. കേരളത്തിലാകെ പ്രകടമായ പ്രവണതകള്‍ ഏറ്റവും ശക്തമായി പ്രതിഫലിക്കാവുന്ന സാമൂഹ്യഘടനയുള്ള മണ്ഡലമാണ് എറണാകുളം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനേക്കാളും 55000 ത്തിലധികം വോട്ടുകള്‍ ലഭിച്ചെങ്കിലും അതിനെയെല്ലാം തീര്‍ത്തും അപ്രസക്തമാക്കിയ ധ്രുവീകരണമാണ് ഉണ്ടായത് . മോദി ഭീതി യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചു. ചരിത്ര അനുഭവങ്ങള്‍ ഭീതിയുടെ ഇരുട്ടില്‍ മറന്നതായി നടിച്ചു. ഇതല്ലാതെയും എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പരിശോധിച്ച് തിരുത്തും.

തനിക്ക് വോട്ടു ചെയ്ത 3,22, 110 പേര്‍ക്ക് നന്ദി. വോട്ടു ചെയ്യാത്തവരോടും സ്‌നേഹം. വിജയിക്ക് അഭിനന്ദനങ്ങള്‍. ഇനിയും ഇന്നലെകളിലേതു പോലെ തന്നെ ജനങ്ങള്‍ക്കൊപ്പം എല്ലാ നല്ല കാര്യങ്ങള്‍ക്കും. ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കണമെങ്കില്‍പ്പോലും നിരന്തരമായ പോരാട്ടം അനിവാര്യമാകുന്ന കാലത്ത് പാര്‍ലമെന്റിന്് പുറത്തുള്ള ജനകീയ പോരാട്ടങ്ങളില്‍ അടിയുറച്ചു നില്‍ക്കുമെന്നും പി രാജീവ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു 

Tags:    

Similar News