കന്നി യാത്രയില്‍ പാതിവഴിയില്‍ കുടുങ്ങി ഇലക്ട്രിക് ബസ്; പ്രതിഷേധവുമായി യാത്രക്കാര്‍
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തലയില്‍വച്ച് ചാര്‍ജില്ലാതെ നിന്നുപോവുകയായിരുന്നു. ചേര്‍ത്തല എക്‌സറേ ജങ്ഷനിലെത്തിയപ്പോഴാണ് ബസ് നിന്നുപോയത്. യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കന്നിയാത്രയില്‍തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തലയില്‍വച്ച് ചാര്‍ജില്ലാതെ നിന്നുപോവുകയായിരുന്നു. ചേര്‍ത്തല എക്‌സറേ ജങ്ഷനിലെത്തിയപ്പോഴാണ് ബസ് നിന്നുപോയത്. യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട അഞ്ചുബസ്സുകളില്‍ നാലെണ്ണവും ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. കെഎസ്ആര്‍ടിസി മുന്‍കരുതലില്ലാതെ സര്‍വീസ് ആരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ചേര്‍ത്തലയില്‍ നിലച്ചുപോയ ബസ്സിലെ യാത്രക്കാരെ പിന്നാലെ വന്ന ബസ്സില്‍ കയറ്റിവിട്ടെങ്കിലും അതും ചാര്‍ജ് തീര്‍ന്നതുകാരണം വൈറ്റിലയില്‍ സര്‍വീസ് അവസാനിപ്പിച്ചു. 223 കിലോമീറ്ററാണ് തിരുവനന്തപുരം- എറണാകുളം റൂട്ട്. ഇലക്ട്രിക് ബസ് ഒരുതവണ ചാര്‍ജ് ചെയ്താന്‍ ഓടുന്ന പരമാവധി ദൂരം 250 കിലോമീറ്ററാണ്. ഗതാഗതക്കുരുക്കില്‍പെട്ടും പ്രധാന സ്‌റ്റോപ്പുകളിലെല്ലാം നിര്‍ത്തിയും ഓടിയ ബസ് ചേര്‍ത്തലയിലെത്തിയപ്പോഴേക്കും ചാര്‍ജ് തീര്‍ന്നു. ബസ് വഴിയിലൊതുക്കിയശേഷം റിസര്‍വേഷന്‍ യാത്രക്കാരെ അടക്കം പിന്നാലെ വന്ന ഇലക്ട്രിക് ബസ്സില്‍ കയറ്റിവിട്ടു. ഈ ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്നു. അപകടം മനസ്സിലാക്കി പിന്നാലെ വന്ന രണ്ട് ബസ്സുകള്‍ ചുരുക്കം സ്‌റ്റോപ്പുകളില്‍ മാത്രം നിര്‍ത്തിപ്പോയതുകാരണം കഷ്ടിച്ച് എറണാകുളത്തെത്തുകയായിരുന്നു. ഇനി റീചാര്‍ജ് ചെയ്യണമെങ്കില്‍ ആലുവയില്‍ പോവണം. അവിടെവരെയെത്താനുള്ള ചാര്‍ജില്ലാത്തതിനാല്‍ എറണാകുളം ഡിപ്പോയില്‍തന്നെ ഒതുക്കിയിട്ടിരിക്കുകയാണ്.
ബസ് പൂര്‍ണമായും ചാര്‍ജ് ചെയ്യണമെങ്കില്‍ കുറഞ്ഞത് നാലുമണിക്കൂര്‍ വേണം. കലക്ഷനും കുറവാണ്. അഞ്ചുമണിക്ക് പുറപ്പെട്ടിരുന്ന സര്‍വീസില്‍ ഒറ്റ ട്രിപ്പില്‍ കുറഞ്ഞത് 18,000 രൂപ കിട്ടിയിരുന്നിടത്ത് ഇലക്ട്രിക് ബസ്സിന് കിട്ടിയത് 11,000 രൂപയാണ്. നാലുമണിക്ക് പോയ സര്‍വീസില്‍ വെറും ഏഴായിരവും. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇലക്ട്രിക് ബസ്സുകള്‍ പര്യാപതമല്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. മതിയായ ചാര്‍ജിങ് സ്‌റ്റേഷന്‍ കൂടി സജ്ജീകരിക്കാതെ സര്‍വീസ് ആരംഭിച്ചതും കൂടുതല്‍ തിരിച്ചടിയായി. തിരുവനന്തപുരത്തും എറണാകുളത്തുമായി 10 ഇലക്ട്രിക് ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം. അതേസമയം, ബസ് നിന്നുപോയതിന് കാരണം ട്രാഫിക് ബ്ലോക്കാണെന്ന് വനിതാ കണ്ടക്ടര്‍ പ്രതികരിച്ചു. തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. മുമ്പ് പുറപ്പെട്ട മറ്റ് ഇലക്ട്രിക് ബസ്സുകള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നുവെന്നും കണ്ടക്ടര്‍ കൂട്ടിച്ചേര്‍ത്തു.