നേട്ടംകൊയ്ത് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ്സുകള്‍

ശബരിമല സീസണിലെ ഇലക്ട്രിക് ബസ്സുകളുടെ സര്‍വീസ് വിജയകരമാണെന്നാണ് വിലയിരുത്തല്‍. അഞ്ച് ഇലക്ട്രിക് എസി ബസ്സുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്.

Update: 2019-01-17 08:04 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവച്ച ഇലക്ട്രിക് ബസ്സുകള്‍ക്ക് വന്‍ സ്വീകാര്യത. ശബരിമല സീസണിലെ ഇലക്ട്രിക് ബസ്സുകളുടെ സര്‍വീസ് വിജയകരമാണെന്നാണ് വിലയിരുത്തല്‍. അഞ്ച് ഇലക്ട്രിക് എസി ബസ്സുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ഒരുദിവസം ശരാശരി 360 കിലോമീറ്റര്‍ ഒരു ബസ് ഓടി. കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചു. വൈദ്യുതി ചാര്‍ജും വെറ്റ്‌ലീസ് ചാര്‍ജും ഒഴിവാക്കിയാല്‍ ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭം കെഎസ്ആര്‍ടിസി നേടി. ഡീസല്‍ എസി ബസ്സുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധന ഇനത്തില്‍ ചെലവാകുമ്പോള്‍ ഇലക്ട്രിക് ബസ്സുകള്‍ക്ക് 6 രൂപയാണ് ചെലവ്. വൈദ്യുതി ചാര്‍ജ് കുറഞ്ഞ രാത്രിസമയത്താണ് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്.

പുകമലിനീകരണമില്ലാതായതോടെ അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് പ്രത്യേകത. 10 വര്‍ഷത്തേക്ക് വാടകക്കെടുത്ത ഈ ബസ്സുകള്‍ ഇനി ദീര്‍ഘദൂരസര്‍വീസുകള്‍ക്ക് ഉപയോഗിക്കും. ഇലക്ട്രിക് വാഹനങ്ങളെ സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ഇ- വെഹിക്കിള്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. കേരള ഓട്ടോ മൊബൈല്‍സാവട്ടെ ഇലക്ട്രിക് ഓട്ടോകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലുമാണ്.

Tags: