രണ്ട് കിലോ കഞ്ചാവുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

ഫോര്‍ട്ട് കൊച്ചി, പട്ടാളം റോഡ്, സൗത്ത് താമരപ്പറമ്പ്, ഹൗസ് നമ്പര്‍ 11/220 ല്‍ മനൂഫ്ഖാന്‍( 32), വാത്തുരുത്തി, കളരിക്കല്‍ വീട്ടില്‍, കെ കെ സിറാജുദീന്‍(44) എന്നിവരാണ് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്‌ക്കൂളിനു സമീപത്തുള്ള വാടക വീട്ടില്‍ നിന്നും പിടിയിലായത്

Update: 2021-02-22 05:57 GMT

കൊച്ചി: കൊച്ചി നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍. ഫോര്‍ട്ട് കൊച്ചി, പട്ടാളം റോഡ്, സൗത്ത് താമരപ്പറമ്പ്, ഹൗസ് നമ്പര്‍ 11/220 ല്‍ മനൂഫ്ഖാന്‍( 32), വാത്തുരുത്തി, കളരിക്കല്‍ വീട്ടില്‍, കെ കെ സിറാജുദീന്‍(44) എന്നിവരാണ് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്‌ക്കൂളിനു സമീപത്തുള്ള വാടക വീട്ടില്‍ നിന്നും പിടിയിലായത്.പ്രതികള്‍ തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്നും നേരിട്ട് കുറഞ്ഞ വിലയ്ക്ക് ലഹരി വസ്തുക്കള്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് യുവാക്കള്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.


മുന്‍പ് ദിണ്ഡിഗലിലെ മേട്ടൂരില്‍ താമസിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ചെമ്പട്ടി പോലീസ് സ്റ്റേഷനില്‍ നിലവില്‍ സിറാജുദ്ദീന്റെ പേരില്‍ കേസുണ്ട്.തമിഴ് നാട്ടിലെ ബന്ധങ്ങളു പയോഗിച്ച് ഇയാളാണ് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കേരളത്തില്‍ എത്തിച്ചിരുന്നത്. വാട വീടു കേന്ദ്രീകരിച്ച് മെസ്സ് നടത്തിയിരുന്ന ഇവര്‍ ഇതിന്റെ മറവിലാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് ലഹരി കച്ചവടം നടത്തി വന്നിരുന്നതെന്നും പോലിസ് പറഞ്ഞു.

കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജു വിന് ലഭിച്ച രഹസ്യവിവരത്തില്‍ ഡെപ്യുട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്കറെയുടെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ കെ എ തോമസ്, കടവന്ത്ര ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ്, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, സെന്‍ട്രല്‍ എസ് ഐ സിസില്‍ ക്രിസ്റ്റി രാജ്, എഎസ് ഐ. സന്തോഷ്, ഗോപി, സീനിയര്‍ സിപിഒ റെജി, സിപിഒ മധു, ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

മാരകമായ ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ നടപടികളാണ് സിറ്റി പോലിസ് കമ്മീഷണര്‍ നടപ്പിലാക്കി വരുന്നത്.യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ഫോര്‍മാറ്റിലുള്ള യോദ്ധാവ് ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാവുന്നതാണ് . കൂടാതെ ഡാന്‍സാഫിന്റെ 9497980430 എന്ന നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണെന്നും വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

Tags: