കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

നഗരത്തില്‍ ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മേഖലകള്‍ നിശബ്ദ മേഖല എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി

Update: 2022-08-03 14:09 GMT

കൊച്ചി: കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി .ഇത് സംബന്ധിച്ച് കോടതി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. നഗരത്തില്‍ ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മേഖലകള്‍ നിശബ്ദ മേഖല എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി. ബസുകളിലെ പ്രഷര്‍ ഹോണുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ പാര്‍ക്കിങ്ങും, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സിറ്റി പോലിസ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

നഗരത്തില്‍ ബസുകള്‍ ഫോണ്‍മുഴക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ ബസുകള്‍ വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കുന്നത് തുടരുകയാണെന്ന് ഹൈക്കോടതി വിലയിരുത്തി.പിന്നില്‍ നിന്നുവരുന്ന വാഹനങ്ങളെ കൃത്യമായി ശ്രദ്ധിക്കാതെയാണ് ഓട്ടോറിക്ഷകള്‍ വലതു വശത്തേക്ക് വെട്ടിത്തിരിക്കുന്നത്. മിക്ക ഓട്ടോറിക്ഷകളിലും പിന്നില്‍ നിന്നു വരുന്ന വാഹനങ്ങളെ കാണാനുള്ള കണ്ണാടികളില്ല.

ബസുകളിലും ഓട്ടോറിക്ഷകളിലും ആവശ്യമായ കണ്ണാടികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്താന്‍ പോലിസ് നിര്‍ദേശിക്കണം. കൃത്യമായ സ്‌റ്റോപ്പുകളില്‍ നിര്‍ത്തി മാത്രമേ ആളുകളെ കയറ്റാവൂ. യാത്രക്കാര്‍ക്ക് പരാതി നല്‍കാന്‍ ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങളില്‍ രണ്ട് ടോള്‍ ഫ്രീ നമ്പറുകള്‍ രേഖപ്പെടുത്തണം. ഗ്രൗണ്ടില്‍ സ്ഥലമുണ്ടായിട്ടും മറൈന്‍ ഡ്രൈവ് റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Tags:    

Similar News