മുഖ്യമന്ത്രിയെ കടുകു മണിയിലാക്കി ചിത്രകാരന്‍

ജെ വെങ്കിടേഷ് 42 നേതാക്കന്മാരുടെ ചിത്രങ്ങളാണ് കടുകുമണിക്കുള്ളിലാക്കിയത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയില്‍ തുടങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ എത്തി നില്‍ക്കുന്നു ഇദ്ദേഹത്തിന്റെ കരവിരുത്.

Update: 2019-07-08 17:09 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകു മണിയില്‍ ആലേഖനം ചെയ്ത് ചിത്രകാരന്‍. തമിഴ്‌നാട് സേലം സ്വദേശി ജെ വെങ്കിടേഷാണ് വരയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ വെളുത്ത കടുകുമണിയില്‍ ആലേഖനം ചെയ്തത്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ ഓഫിസില്‍ കുടുംബസമേതം എത്തിയ വെങ്കിടേഷ് തന്റെ രചന മുഖ്യമന്ത്രിക്ക് കൈമാറി.

ചെന്നൈ ഫൈന്‍ ആര്‍ട്ട്‌സില്‍ ബിരുദാനന്തര ബിരുദം നേടുയിട്ടുള്ള കര്‍ഷക കുടുംബത്തിലെ ജെ വെങ്കിടേഷ് 42 നേതാക്കന്മാരുടെ ചിത്രങ്ങളാണ് കടുകുമണിക്കുള്ളിലാക്കിയത്. അരമണിക്കൂറിലാണ് പെന്‍സില്‍ കൊണ്ടുള്ള അപൂര്‍വ്വ ചിത്ര രചന. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയില്‍ തുടങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ എത്തി നില്‍ക്കുന്നു ഇദ്ദേഹത്തിന്റെ കരവിരുത്. പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഭരണകര്‍ത്താവെന്ന് തന്റെ നാട്ടില്‍ പേരുകേട്ട കേരളമുഖ്യമന്ത്രിയെ വരയ്ക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് കടുക് വെങ്കി പറഞ്ഞു.

മലേസ്യന്‍ പ്രധാനമന്ത്രിയുടെ ജീവചരിത്രവും ഇദ്ദേഹം കടുകുമണിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ക്ഷണമനുസരിച്ച് അടുത്ത മാസം അത് നല്‍കാന്‍ പോവും. സിങ്കപ്പൂര്‍ പ്രധാനമന്തിയുടെ ജീവചരിത്രമാണ് അടുത്തതായി വരക്കുക. ഓരോ ചിത്രങ്ങളും 0.048 ഡയാമീറ്റര്‍ വലിപ്പമാണ് ശരാശരി അളവ്. വേള്‍ഡ് വണ്ടര്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്, യൂനിവേഴ്‌സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും വെങ്കിടേഷ് ഇടം നേടി. പ്രൈമറി വിദ്യാര്‍ഥിനിയായ ഹര്‍ഷിതാണ് മകള്‍. സതീദേവിയാണ് ഭാര്യ.

Tags: