ഹയര്‍ സെക്കന്‍ഡറിയില്‍ 32,000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന്; ഏകജാലക സംവിധാനം പരാജയമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്

മെറിറ്റ് സീറ്റുകള്‍ യഥാസമയം ലഭ്യമാകാതെ 60,000ത്തോളം വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി സമാന്തര പഠനത്തിനായി ''സ്‌കോള്‍ കേരള'' വഴി പ്ലസ് വണ്‍ പഠനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നിണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണം

Update: 2019-08-29 09:13 GMT

കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 32,000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും പ്രവേശനനടപടികളിലെ ഏകജാലക സംവിധാനത്തിന്റെ പരാജയത്തെയാണ് ഇത് ചചൂണ്ടിക്കാണിക്കുന്നതെന്ന ആരോപണവുമായി കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി. മെറിറ്റ് സീറ്റുകള്‍ യഥാസമയം ലഭ്യമാകാതെ 60,000ത്തോളം വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി സമാന്തര പഠനത്തിനായി ''സ്‌കോള്‍ കേരള'' വഴി പ്ലസ് വണ്‍ പഠനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നിണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈസാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പൊതു വിദ്യാഭ്യാസത്തെ ശാക്തീകരിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സമാന്തര പഠനകേന്ദ്രങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നത്.ഘട്ടം ഘട്ടങ്ങളായിട്ടുള്ള വളരെ സങ്കീര്‍ണ്ണവും അശാസ്ത്രീയവുമായ പ്രവേശന നടപടികളുടെ പരിണിതഫലമാണിതെന്നും ടീച്ചേഴ്‌സ് ഗില്‍ഡ് ആരോപിക്കുന്നു.ഈ സാഹചര്യത്തില്‍ ഏകജാലക സംവിധാനം അടിയന്തിരമായി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെസിബിസി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ഖജാന്‍ജി ജോസ് ആന്റണി സംസാരിച്ചു.

Tags:    

Similar News