ഹര്‍ത്താല്‍ അക്രമം; പ്രതികളായ ആര്‍എസ്എസുകാരെ മാലയിട്ട് സ്വീകരിച്ച് ഡിസിസി സെക്രട്ടറി

ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്വീകരിച്ചത്.

Update: 2019-01-05 12:28 GMT

ഇടുക്കി: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയ ബിജെപി-ആര്‍എസ്എസ് നേതാക്കളെ പോലിസ് സ്‌റ്റേഷനിലെത്തി മാലയിട്ട് സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ്. ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്വീകരിച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ ചെറുതോണിയില്‍ വാഹനം തടഞ്ഞ് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി മണ്ഡലം പ്രസിഡന്റ് പി എസ് സുരേഷ്, ആര്‍എസ്എസ് കാര്യവാഹക് പ്രേംകുമാര്‍, സ്വാമി ദേവചൈതന്യ എന്നിവരടങ്ങുന്ന 16 അംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വൈകീട്ട് ഇവരെ വിട്ടയച്ചപ്പോള്‍ ഡിസിസി സെക്രട്ടറി അര്‍ജുന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ നിന്ന് ജാഥയായെത്തുകയായിരുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ മാലയിട്ട് സ്വീകരിച്ച ശേഷം തിരികെ ചെറുതോണിയിലേക്ക് നടത്തിയ മാര്‍ച്ചിലും അര്‍ജുന്‍ പങ്കെടുത്തു. പ്രകടനത്തിന് ശേഷം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എം ഡി അര്‍ജുന്‍ ആണ് ഉദ്ഘാടനം ചെയ്തത്. നേരത്തേ പത്തനംതിട്ടയില്‍ നടന്ന ശബരിമല സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ച കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന ജി രാമന്‍ നായറെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇതിനുശേഷം ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.




Tags:    

Similar News