വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണി (16) ന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

Update: 2019-10-05 14:33 GMT

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ കെ വേണു, സായിയില്‍നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എം ബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരാണ് സമിതി അംഗങ്ങള്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണി (16) ന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

കുട്ടിയ്ക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചികില്‍സ ഒരുക്കിയിരുന്നു. ഒപ്പം ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ സംഘാര്‍ടകര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആര്‍ഡിഒയുടെ റിപോര്‍ട്ട്. അലക്ഷ്യമായാണ് സംഘാടകര്‍ മീറ്റ് സംഘടിപ്പിച്ചത്. ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മല്‍സരങ്ങള്‍ ഒരേസമയം മൈതാനത്ത് നടത്തിയത് ഗുരുതരവീഴ്ചയാണെന്നും ആര്‍ഡിഒയുടെ അന്വേഷണത്തില്‍ വ്യക്തമായി. ജാവലിന്‍, ഹാമര്‍ മല്‍സരങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണു പാലായില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. ഇതിനു പുറമേ കായികാധ്യാപകരുടെ ചട്ടപ്പടി സമരം നടക്കുന്നതിനാല്‍ പലകാര്യങ്ങള്‍ക്കും നിയോഗിച്ചിരുന്നതു വിദ്യാര്‍ഥികളെയായിരുന്നു.

അത്‌ലറ്റിക്‌സ് അസോസിയേഷന് നിരവധി ഒഫീഷ്യല്‍സുണ്ടായിരുന്നിട്ടും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ പലരും പാലാ സ്‌റ്റേഡിയത്തിലേക്കു തിരിഞ്ഞുനോക്കിയതേയില്ല. വിദ്യാര്‍ഥികളെത്തന്നെ പോയിന്റ് എഴുതാനും ദൂരം അളക്കാനുമൊക്കെ നിയോഗിക്കേണ്ട ഗതികേടിലായിരുന്നു സംഘാടകര്‍. സംഭവത്തില്‍ പാലാ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന കായിക താരങ്ങളില്‍നിന്നും ദൃക്‌സാക്ഷികളില്‍നിന്നും പോലിസ് തെളിവെടുത്തു. അപകടത്തെ തുടര്‍ന്നു സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ഇന്നും ഞായറാഴ്ചയുമായി നടക്കാനിരുന്ന മല്‍സരങ്ങള്‍ സംഘാടകര്‍ മാറ്റിവച്ചിരുന്നു. പുതുക്കിയ തിയ്യതി പീന്നിട് അറിയിക്കും.

Tags: