വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ പണം കണ്ടുകെട്ടാന്‍ ഏജന്റുമാരെ ഏര്‍പ്പാടാക്കാനാവില്ലെന്നു ഹൈക്കോടതി

സൗദി അറേബ്യയിലെ അല്‍ -റജകി ബാങ്കിന്റെ റിക്കവറി ഏജന്റുമാരുടെ ഭീഷണിയില്‍ നിന്നു പോലിസ് സംരക്ഷണം ആവശ്യപ്പെട്ടു കൊല്ലം സ്വദേശി സുശീല സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യയിലുള്ള ബാങ്കുകള്‍ക്കു മാത്രമാണ് ബാധകമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി

Update: 2019-07-30 14:16 GMT

കൊച്ചി: വിദേശ ബാങ്കുകള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ പണം കണ്ടുകെട്ടാന്‍ ഏജന്റുമാരെ ഏര്‍പ്പാടാക്കാനാവില്ലെന്നു ഹൈക്കോടതി. സൗദി അറേബ്യയിലെ അല്‍ -റജകി ബാങ്കിന്റെ റിക്കവറി ഏജന്റുമാരുടെ ഭീഷണിയില്‍ നിന്നു പോലിസ് സംരക്ഷണം ആവശ്യപ്പെട്ടു കൊല്ലം സ്വദേശി സുശീല സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സുശീല സൗദി അറേബ്യയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന സമയത്ത് വായ്പയെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പട്ടു ബാങ്കിന്റെ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഹരജിയിലെ ആരോപണം.

റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യയിലുള്ള ബാങ്കുകള്‍ക്കു മാത്രമാണ് ബാധകമെന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഇന്ത്യന്‍ നിയമപ്രകാരം മാത്രമേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവൂ. വിദേശ ബാങ്കുകളുടെ നിയമ പ്രകാരം റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനം അനുവദിക്കാനാവില്ല. ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ആളുകളില്‍ നിന്നും പണം പിരിച്ചെടുക്കാനുള്ള വിദേശ ബാങ്കുകളടെ ഏജന്റുമാരുടെ പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.  

Tags:    

Similar News