കോഴഞ്ചേരിയില്‍ മല്‍സ്യവിതരണക്കാരില്‍നിന്ന് 100 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു

ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന് ഓപറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കുവച്ച ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടിച്ചെടുത്തത്. ഏഴ് മല്‍സ്യവ്യാപാരികളുടെ സ്റ്റാളുകളില്‍ സംഘം പരിശോധന നടത്തി.

Update: 2019-06-18 13:33 GMT

പത്തനംതിട്ട: കോഴഞ്ചേരി മാര്‍ക്കറ്റിലെ മല്‍സ്യവിതരണക്കാരില്‍നിന്ന് 100 കിലോയോളം പഴകിയ മല്‍സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന് ഓപറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കുവച്ച ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടിച്ചെടുത്തത്. ഏഴ് മല്‍സ്യവ്യാപാരികളുടെ സ്റ്റാളുകളില്‍ സംഘം പരിശോധന നടത്തി. ഒരിടത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന മല്‍സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും കോഴഞ്ചേരി പഞ്ചായത്ത് അധികൃതര്‍ മല്‍സ്യങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിക്കുകയും ചെയ്തു.


 എല്ലാ സ്ഥാപനങ്ങളില്‍നിന്നും മല്‍സ്യത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത് പരിശോധനയ്ക്ക് വിധേയമാക്കി. 6 സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനെടുത്തിട്ടില്ലെന്ന് കണ്ടെത്തി നോട്ടീസ് നല്‍കിയിട്ടുണ്ട്. ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ലഭ്യമാവുന്ന മല്‍സ്യങ്ങള്‍ പരിശോധിക്കുന്നതിനായാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഫിഷറീസ് വകുപ്പും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഓപറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ പരിശോധന നടത്തുന്നത്. പ്രധാനമായും മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്ന മല്‍സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാത്ത വണ്ണം പഴകിയതാണോ എന്നും ഹാനികരമായ രാസവസ്തുക്കളില്‍ സൂക്ഷിച്ചിട്ടുള്ളവയാണോ എന്നുമാണ് പരിശോധിക്കുന്നത്.

ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മല്‍സ്യങ്ങള്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധിക്കുന്നത് കൂടാതെ മാര്‍ക്കറ്റുകളിലെത്തിയും പരിശോധിക്കും. ഓപറേഷന്‍ സാഗര്‍ റാണിയുടെ രണ്ടാംഘട്ട പരിശോധനയുടെ ഭാഗമായാണ് സംയുക്ത ഉദ്യോഗസ്ഥസംഘം ഇന്ന് കോഴഞ്ചേരി മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകലയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ പ്രശാന്ത് കുമാര്‍, പ്രവീണ്‍, എസ് പ്രശാന്ത്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഷൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News