അനധികൃത ഫ്ളക്സ് ബോര്‍ഡ്: ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോടതി ഉത്തരവ് ലംഘിക്കുന്ന തദ്ദേശ ഭരണ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമെതിരെ നടപടി എടുക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോര്‍ഡുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിച്ച് ഈ മാസം 20 ന് വീണ്ടും ഉത്തരവിറക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു

Update: 2019-07-30 14:39 GMT

കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു തടയാനുള്ള കോടതി ഉത്തരവുകള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍. കോടതി ഉത്തരവ് ലംഘിക്കുന്ന തദ്ദേശ ഭരണ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമെതിരെ നടപടി എടുക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോര്‍ഡുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിച്ച് ഈ മാസം 20 ന് വീണ്ടും ഉത്തരവിറക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍മാര്‍ അവരുടെ പരിധിയിലുള്ള ഗ്രാമ,നഗര പ്രദേശങ്ങളിലെ അനധികൃത ബോര്‍ഡുകളുടെ കണക്കുകള്‍ ശേഖരിച്ചു വരികയാണ്.

കൊല്ലം ജില്ലാ കലക്ടര്‍ കണക്ക് നല്‍കിയിട്ടുണ്ട്.മറ്റ് ജില്ലകളില്‍ നിന്നുള്ള അനധികൃത ബോര്‍ഡുകളുടെ വിവരങ്ങള്‍ വൈകാതെ ലഭിക്കും. കാലവര്‍ഷം കടുത്ത സാഹചര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ദുരന്തനിവാരണ തിരക്കിലാണന്നും ഉത്തരവ് നടപ്പാക്കുന്നതിന് മുന്നു മാസത്തെ സാവകാശം കുടി വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു . അനധികൃത ബോര്‍ഡുകള്‍ക്കെതിരായ നടപടികളില്‍ കാര്യമായ പുരോഗതി ഉണ്ടന്നും സംസ്ഥാനത്ത് ഇതുവരെ 3,52120 ബോര്‍ഡുകള്‍ നീക്കിയെന്നും പിഴ ഇനത്തില്‍ 21,16098 രുപ ഈടാക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി . അനധികൃത ബോര്‍ഡുകള്‍ക്കെതിരെ ബോധവല്‍ക്കരണ പ്രചാരണം നടത്തുന്നുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. 

Tags:    

Similar News