തിരുവനന്തപുരത്ത് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു

നഗരൂര്‍ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകന്‍ ശ്രീദേവുമാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകന്‍ ശ്രീഹരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2022-08-20 18:22 GMT

തിരുവനന്തപുരം: നഗരൂര്‍ കല്ലിങ്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. നഗരൂര്‍ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകന്‍ ശ്രീദേവുമാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകന്‍ ശ്രീഹരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കല്ലിങ്കലില്‍വെച്ച് ശനിയാഴ്ച രാത്രിയോടെയാണ് അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ പ്രദീപിന്റേയും മകന്റെയും മരണം സംഭവിച്ചിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയില്‍ വന്നാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. രണ്ടുപേരേയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Tags: