പി ജയരാജന്‍ ബിജെപിയിലേക്കെന്ന് വ്യാജപ്രചാരണം; നിയമനടപടിയെന്ന് ജയരാജന്‍

Update: 2019-09-12 08:45 GMT

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടി വിടുന്നുവെന്നും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. കണ്ണൂര്‍ സ്വദേശിയായ ഒരു പ്രവാസിയുടെ ഫെയ്‌സ്ബുക്കിലാണ് ആദ്യം ഇത്തരത്തിലൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇതിനെ അവഗണിക്കുകയാണെന്നു പറഞ്ഞ പി ജയരാജന്‍, ഇപ്പോഴത്തെ പ്രചാരണത്തിനു പിന്നില്‍ സംഘപരിവാരമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പി ജയരാജന്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നോ തലശ്ശേരിയില്‍ നിന്നോ മല്‍സരിക്കുമെന്ന വിധത്തിലാണ് പ്രചാരണമുണ്ടായത്. നിരവധിപേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, പിന്നീട് ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ലോഗോ വച്ച് ചിലര്‍ വ്യാജ പ്രചാരണം ഏറ്റെടുത്തതോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് പി ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

   


''എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും. ഇതോടെ ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിവാരമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കും. പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ സ. കെ വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതും 20 വര്‍ഷം മുമ്പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഈ തിരുവോണ നാളില്‍ തന്നെയാണ് ബിജെപിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്. സംഘപരിവാര ശക്തികള്‍ക്കെതിരേ രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പോരാടിയ ആളാണ് ഞാന്‍. അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.



Tags:    

Similar News