മുസ്‌ലിം ലീഗിന്റെ കുപ്രചരണങ്ങള്‍ നാട്ടിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കും: എസ്ഡിപിഐ

Update: 2022-05-10 03:12 GMT

വടകര: മുസ്‌ലിം ലീഗ് പാര്‍ട്ടിക്കെതിരേ നടത്തിവരുന്ന കുപ്രചരണങ്ങള്‍ നാട്ടിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. കറുകയില്‍ സി കെ മുക്കില്‍ എസ്ഡിപിഐയുടെ കാംപയിന്റെ ഭാഗമായുള്ള പോസ്റ്റര്‍ ഒട്ടിക്കുന്ന പ്രവര്‍ത്തകരെ തടയുകയും ഒരുകാരണവുമില്ലാതെ ലീഗിന്റെ ഗുണ്ടകള്‍ അക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വീട് കയറി അക്രമം നടന്നുവെന്ന പരാതി തീര്‍ത്തും വ്യാജമാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാവുന്നത് ലീഗിന്റെ മൗനസമ്മതത്തോടെയാണ്. ഇതില്‍ നിന്ന് ലീഗ് നേതാക്കള്‍ പിന്‍മാറണം.

പാര്‍ട്ടി കാംപയിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ സി കെ മുക്കില്‍ പോയ പാര്‍ട്ടി പ്രവര്‍ത്തകരെ പോസ്റ്റര്‍ ഒട്ടിക്കുന്നത് തടയുകയും ഒരുകാരണവുമില്ലാതെ മര്‍ദ്ദിക്കുകയും പിന്നീട് ലീഗ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റെന്നും വീട് ആക്രമിച്ചെന്നുമുള്ള വ്യാജ കഥകളുണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ലീഗിന്റെ ശ്രമം അധികാരികള്‍ തിരിച്ചറിയണം. ഇത്രയും നീചപ്രവര്‍ത്തനം കൊണ്ടൊന്നും എസ്ഡിപിഐയുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ലീഗിന്റെ ഈ കുപ്രചാരണം ജനങ്ങള്‍ തിരിച്ചറിയുമെന്ന് മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യോഗത്തില്‍ എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സമദ് മാക്കൂല്‍, സെക്രട്ടറി പി പി ഷറഫുദ്ദീന്‍, കെ വി അസ്‌ലം, കെ പി മശ്ഹൂദ്, ഇ വി ഇസ്മായില്‍, ടി കെ സുനീര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News