ഹലാലിന്റെ പേരില്‍ വ്യാജപ്രചാരണം: പരാതി നല്‍കുമെന്ന് സുനില്‍ പി ഇളയിടം

Update: 2021-11-28 09:18 GMT

കോഴിക്കോട്: ഹലാല്‍ വിവാദവുമായി ബന്ധപ്പെട്ട് തന്റെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സുനില്‍ പി ഇളയിടം. വര്‍ഗീയ വാദികള്‍ കെട്ടിച്ചമച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. 'മതത്തിന്റെ പേരിലുള്ള വേര്‍തിരിവുണ്ടാക്കുന്ന ഭക്ഷണ രീതിയാണ് ഹലാല്‍. ഹലാല്‍ ഭക്ഷണരീതി പ്രാകൃതം. ഖുര്‍ആന്‍. തിരുത്തേണ്ടത് തിരുത്തപ്പെടണം' എന്ന പോസ്റ്ററോടുകൂടിയാണ് സുനില്‍ പി ഇളയിടത്തിന്റെ പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നത്.

സമൂഹത്തില്‍ മതവിദ്വേഷവും വര്‍ഗീയമായ ചേരിതിരിവും സൃഷ്ടിക്കാന്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളത്. മുസ്‌ലിം ജനതയെ അപരവത്കരിക്കാനുള്ള വര്‍ഗീയവാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നില്‍. മതത്തിന്റെ പേരില്‍ വെറുപ്പ് വിതയ്ക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും ഒത്തുചേര്‍ന്ന് ആ ഗൂഢാലോചനയെ എതിര്‍ത്തുതോല്‍പ്പിക്കണമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

Tags: