2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കും: മുഖ്യമന്ത്രി

വൈദ്യുത വാഹന രംഗത്ത് നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹന നിര്‍മ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈല്‍ സ് ലിമിറ്റഡ് 8000 വൈദ്യുത ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ് യു ആണ് കെ എ എല്‍. കെ എസ് ആര്‍ ടി സിക്കു വേണ്ടി 3000 ഇബസുകളും നിര്‍മ്മിക്കും. ഇ ബസ് നിര്‍മ്മാണത്തിന് യൂറോപ്യന്‍ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2019-06-29 08:16 GMT

കൊച്ചി: വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവോള്‍വ് - ഇ മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങള്‍, 50,000 മുച്ചക്ര വാഹനങ്ങള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ആറു നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രിബൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ പുനരുപയോഗം സാധ്യമായ ബദല്‍ ഊര്‍ജ സ്രോതസുകളെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്ക് പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയില്‍ കേരളം ഉറച്ചു നിന്നു. ഇതിന്റെ ഭാഗമായി സിഎന്‍ജി, എല്‍എന്‍ജി ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടു. കൊച്ചിയില്‍ അഞ്ച് സിഎന്‍ജി സ്റ്റേഷനുകള്‍ ആരംഭിച്ചു. ആദ്യ എല്‍എന്‍ജി ബസ്, ആദ്യ സോളാര്‍, ഇലക്ട്രിക് ബോട്ടുകള്‍ എന്നിവയും കേരളത്തില്‍ തുടക്കം കുറിച്ചു.

ഐ ടി മദ്രാസിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയാണ് വൈദ്യുത വാഹന നയത്തിന്റെ കരട് തയാറാക്കിയത്. തുടര്‍ന്ന് സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു. ഇവിടെ നിന്നുള്ള ശുപാര്‍ശകളുടെ കൂടി അടിസ്ഥാനത്തിലാണ് വൈദ്യുത വാഹന നയത്തിന് സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കിയത്. വൈദ്യുത വാഹന രംഗത്ത് നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹന നിര്‍മ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈല്‍ സ് ലിമിറ്റഡ് 8000 വൈദ്യുത ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ് യു ആണ് കെ എ എല്‍. കെ എസ് ആര്‍ ടി സിക്കു വേണ്ടി 3000 ഇബസുകളും നിര്‍മ്മിക്കും. ഇ ബസ് നിര്‍മ്മാണത്തിന് യൂറോപ്യന്‍ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പില്‍ ആരംഭിച്ച ചാര്‍ജിംഗ് സ്റ്റേഷന്റെ വിര്‍ച്ച്വല്‍ ഉദ്ഘാടനവും തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ലോഞ്ചിംഗും മുഖ്യമന്ത്രി നിര്‍വഹിച്ചു. വൈദ്യുത വാഹന നിര്‍മ്മാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങില്‍ കൈമാറി. വൈദ്യുത വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി ക്കുള്ള ആദ്യ അപേക്ഷയും സ്വീകരിച്ചു.ഹൈബി ഈഡന്‍ എം പി അധ്യക്ഷത വഹിച്ചു. നീതി ആ യോഗ് സിഇഒ അമിതാഭ് കാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കൊച്ചി മെട്രോ എംഡി എപിഎം മുഹമ്മദ് ഹനീഷ് പങ്കെടുത്തു.

Tags:    

Similar News