വണ്‍ഡേ ഹോം മറ്റ് ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കും

അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.

Update: 2020-03-07 08:15 GMT

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായി തലസ്ഥാന നഗരിയില്‍ സ്ഥാപിച്ച വണ്‍ ഡേ ഹോം മറ്റ് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. രാത്രിയില്‍ നഗരത്തില്‍ പല ആവശ്യങ്ങള്‍ക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷിത രാത്രികാല താമസത്തിനായി ഏര്‍പ്പെടുത്തിയ എന്റെ കൂട് പദ്ധതി ഒരുപാട് പേര്‍ക്ക് സഹായകമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് വണ്‍ഡേ ഹോം ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ എട്ടാം നിലയില്‍ സ്ഥാപിച്ച വണ്‍ഡേ ഹോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തലമുറകളുടെ നീണ്ട പോരാട്ടത്തിലൂടെയാണ് സ്ത്രീകള്‍ ഇന്നീ കാണുന്ന സ്വാതന്ത്ര്യം നേടിയെടുത്തത്. എങ്കിലും സ്ത്രീകള്‍ പൂര്‍ണമായും സ്വതന്ത്രരല്ല. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനും താമസിക്കാനും കഴിയുന്നില്ല. അതിനൊരു പരിഹാരമായാണ് രാത്രി നടത്തം എന്റെ കൂട്, വണ്‍ ഡേ ഹോം എന്നിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഇതിനെല്ലാം പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്ത്രീകളുടെ മാനസികാരോഗ്യത്തിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതിനായി അമ്മമനസ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ഡേ ഹോമാണ് സജ്ജമാക്കിയത്. 6 ക്യുബിക്കിളും 25 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയുമാണ് വണ്‍ ഡേ ഹോമില്‍ ഇപ്പോഴുള്ളത്. പിന്നീട് 50 പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന സൗകര്യമൊരുക്കും. ഒരു ദിവസം ഡോര്‍മിറ്ററിക്ക് 150 രൂപയും ക്യുബിക്കിളിന് 250 രൂപയാണ് ചാര്‍ജ്. അടിയന്തര സാഹചര്യങ്ങളില്‍ മൂന്നു ദിവസം വരെ പ്രവേശനം അനുവദിക്കുന്നതാണ്. എയര്‍കണ്ടീഷന്‍ സൗകര്യം, ഡ്രെസിംഗ് റൂം, ടോയിലറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. ഇതിന്റെ മേല്‍നോട്ട ചുമതല ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News