ഹജ്ജ് കമ്മിറ്റിക്ക് പിന്നാലെ ജനകീയാസൂത്രണ രജതജൂബിലി ചടങ്ങില്‍നിന്നും ഐഎന്‍എല്‍ പുറത്ത്

നിയമസഭയില്‍ പ്രാതിധ്യമുള്ളതും ഇല്ലാത്തതുമായ പാര്‍ട്ടികളെയും നേതാക്കളെയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ ഘടകകക്ഷിയായ ഐഎന്‍എല്ലില്‍നിന്ന് ആരുമില്ല.

Update: 2021-08-14 08:55 GMT

പി സി അബ്ദുല്ല

കോഴിക്കോട്: പുതിയ ഹജ്ജ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നിഷേധിച്ചതിന് പിന്നാലെ ഈമാസം 17 ന് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനകീയാസൂത്രണ രജതജൂബിലി ഉദ്ഘാടന ചടങ്ങില്‍നിന്നും ഐഎന്‍എല്‍ പുറത്ത്. നിയമസഭയില്‍ പ്രാതിധ്യമുള്ളതും ഇല്ലാത്തതുമായ പാര്‍ട്ടികളെയും നേതാക്കളെയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ ഘടകകക്ഷിയായ ഐഎന്‍എല്ലില്‍നിന്ന് ആരുമില്ല.

കാസര്‍കോട് ജില്ലയുടെ പ്രത്യേക ചുമതല കൂടിയുള്ള ഐഎന്‍എല്ലിലെ മന്ത്രി അഹ്മദ് ദേവര്‍കോവിലിനും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ക്ഷണക്കത്തില്‍ ഇടമില്ല. അടുത്തിടെ മുന്നണിക്ക് നാണക്കേടുണ്ടാക്കി തെരുവില്‍ തല്ലിപ്പിളര്‍ന്ന ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ ഭാവിയില്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ് പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. സിപിഎമ്മും ഇടതുമുന്നണിയും ഐഎന്‍എല്ലിലെ രണ്ടുവിഭാഗങ്ങളെയും കൈവിട്ടതിന്റെ കൃത്യമായ സന്ദേശമാണ് പുറത്തുവന്നത്.

ചൊവ്വാഴ്ച വൈകീട്ട് 4.30ന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലെ സി-ഡിറ്റ് സ്റ്റുഡിയോയിലാണ് ജനകീയാസൂത്രണ രജതജൂബിലി ആഘോഷ ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. എല്‍ഡിഎഫിലെയും യുഡിഎഫിലെയും എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരും ഉദ്ഘാടന ക്ഷണപ്പത്രത്തിലുണ്ട്.

എന്നാല്‍, എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലിന്റെ ഭാരവാഹികളാരും ക്ഷണിതാക്കളുടെ പട്ടികയിലില്ല. നാഷനല്‍ ലീഗിന് പ്രാതിനിധ്യമില്ലാതെ സര്‍ക്കാര്‍ ഇന്നലെ ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചിരുന്നു. നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പുനസ്സംഘടന.

Tags:    

Similar News