വീട്ടില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവം: പ്രതി പിടിയില്‍

കോഴിക്കോട് മുക്കം സ്വദേശി നിയാസ്(38)നെ ആണ് എറണാകുളം നോര്‍ത്ത് പോലിസ് പിടികൂടിയത്

Update: 2022-06-30 06:11 GMT

കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിയാസ്(38)നെ ആണ് എറണാകുളം നോര്‍ത്ത് പോലിസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം അയ്യപ്പന്‍കാവ് പവര്‍ഹൗസ് റോഡിലെ വീട്ടില്‍ നിന്നും ഏഴര പവന്‍ സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്. വീട്ടുകാര്‍ റേഷന്‍കടയില്‍ പോയ സമയം മുന്‍വശത്തെ വാതിലിന് സമീപമുള്ള ഗ്രില്ലിന് മുകളില്‍ വച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ച പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലും മലപ്പുറം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags: