മേക്കാലടിയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് വാഹനമിടിച്ച്; ഡ്രൈവര്‍ അറസ്റ്റില്‍

മേക്കാലടി സ്വദേശി കുഞ്ഞുമുഹമ്മദ് (64 ) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന റാംസിംഗ് ആണ് മരണപ്പെട്ടത്

Update: 2022-02-04 16:41 GMT

കൊച്ചി: മേക്കാലടിയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് കണ്ടെത്തിയതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ചയാളെ പോലിസ് അറസ്റ്റു ചെയ്തു.മേക്കാലടി സ്വദേശി കുഞ്ഞുമുഹമ്മദ് (64 ) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന റാംസിംഗ് ആണ് മരണപ്പെട്ടത്. ഈ മാസം രണ്ടിന് രാത്രി 9 മണിയോടെയാണ് സംഭവം. ദുരൂഹ സാഹചര്യത്തില്‍ വഴിയരികില്‍ പരിക്കേറ്റ് കാണപ്പെട്ട റാംസിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശരീരത്തില്‍ മുറിവും ചതവും ഉണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വാഹനം ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. വഴിയരികില്‍ കിടക്കുകയായിരുന്ന റാംസിംഗിന്റെ ശരീരത്തില്‍ കുഞ്ഞുമുഹമ്മദ് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഇയാള്‍ ഒന്നു രണ്ടുപേരുടെ സഹായത്തോടെ വാഹനത്തിനടിയില്‍ നിന്നും പരിക്കേറ്റയാളെ മാറ്റിക്കിടത്തി വീട്ടിലേക്ക് വാഹനമോടിച്ചു പോയി.

ഫിംഗര്‍ പ്രിന്റ്, സൈന്റിഫിക് ടീം, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് ടീം തുടങ്ങിയവര്‍ അന്വേഷണത്തില്‍ പങ്കാളിയായി. എഎസ്പി അനുജ് പലിവാല്‍, എസ് എച്ച് ഒ ബി സന്തോഷ്, എസ് ഐ കെ വി ജയിംസ്, എ എസ് ഐ മാരായ അബ്ദുള്‍ സത്താര്‍, ജോഷി എം തോമസ്, എസ് സി പി ഒ മാരായ അനില്‍ കുമാര്‍, എ വി പ്രിന്‍സ്, മനോജ് കുമാര്‍, ജയന്തി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News