വിദ്യാര്‍ഥികള്‍ക്ക് മയക്ക് മരുന്ന് വില്‍പ്പന;എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

കൊച്ചിയിലെ കോളജുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തുന്ന കോളജ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘത്തിലെ അംഗങ്ങളായ കളമശ്ശേരി സ്വദേശികളായ അസ്ഹര്‍ (21), ഫൈസല്‍ (20), ചന്ദ്രപ്രദീപ് (19) എന്നിവരെയാണ് പോലീസ് സംഘം കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിനടുത്ത് നിന്നും പിടികൂടിയത്

Update: 2021-07-15 11:50 GMT

കൊച്ചി: കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍.കൊച്ചിയിലെ കോളജുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തുന്ന കോളജ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘത്തിലെ അംഗങ്ങളായ കളമശ്ശേരി സ്വദേശികളായ അസ്ഹര്‍ (21), ഫൈസല്‍ (20), ചന്ദ്രപ്രദീപ് (19) എന്നിവരെയാണ് മാരക ലഹരിവസ്തുവായ എംഡിഎംഎയും കഞ്ചാവുമായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ വൈ നിസ്സാമുദ്ദീന്റെ മേല്‍നോട്ടത്തില്‍ കൊച്ചി മെട്രോ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാലും എറണാകുളം അസിസ്റ്റന്റ്. കമ്മീഷണറുടെ സ്‌ക്വാഡും പാലാരിവട്ടം പോലിസും അടങ്ങിയ പോലീസ് സംഘം കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിനടുത്ത് നിന്നും പിടികൂടിയത്.

കൊച്ചിയിലെ വിവിധ കോളജുകളെയും വിദ്യാര്‍ഥികളേയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സംഘം ആവശ്യമനുസരിച്ച് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത് വന്‍തുകകള്‍ കൈപ്പറ്റിയിരുന്നതായി പോലിസിന് സൂചന ലഭിച്ചു. ഇവര്‍ക്ക് ബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും പോലിസ് പറഞ്ഞു.

എറണാകുളം അസി. കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ സുരേഷ്, എസ് ഐ ജോസി, എഎസ് ഐ അനില്‍കുമാര്‍, സീനിയര്‍ സി പി ഒ സനീബ്, സിപിഒ സുരേഷ് , കൊച്ചി മെട്രോ പോലിസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ സീനിയര്‍ സിപിഒ ഫൈസല്‍ എന്നിവരും പാലാരിവട്ടം പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രൂപേഷ് രാജ് , എസ് ഐ അഖില്‍ദേവ്, എസ് ഐ സുരേഷ്, എഎസ് ഐ ലാലു, സീനിയര്‍ സിപിഒ രതീഷ്, സിപിഒ ദിനൂപ്, സിപിഒ വിജിത്ത്, സിപിഒ പ്രവീണ്‍ എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജാക്കിയശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Tags: