എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; മാനദണ്ഡപ്രകാരം പുനപരിശോധന നടത്തി അര്‍ഹരെ കണ്ടെത്തും

1905 പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും.

Update: 2019-02-01 11:56 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തുന്ന സമരം പിന്‍വലിക്കണമെന്നും എന്‍ഡോസള്‍ഫാന്‍ ബാധിതരാണോയെന്ന് മാനദണ്ഡപ്രകാരം പുനപരിശോധന നടത്തി അര്‍ഹരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു. റവന്യു മന്ത്രിയുടെ നിയമസഭയിലെ ചേംബറില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഇരുവരും.

1905 പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും. നേരത്തെ അര്‍ഹരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാംപ് നടത്തിയപ്പോള്‍ ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി പ്രത്യേക ക്യാംപ് നടത്താമെന്നും സമരക്കാരെ അറിയിച്ചിട്ടുണ്ട്. ദുരന്തബാധിത കുടുംബത്തിലെ രണ്ടു കുട്ടികളില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് സമരക്കാരുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കേസുകള്‍ പ്രത്യേകം പരിഗണിക്കും. മൂന്നു ലക്ഷം രൂപ വരെ കടബാധ്യതയുള്ളവരുടെ കടം എഴുതിത്തള്ളുന്നതിനായി 4.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

നേരത്തെ 50,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 2.67 കോടി രൂപ അനുവദിച്ചിരുന്നു. പൂര്‍ണമായി കിടപ്പിലായവര്‍, മരണമടഞ്ഞവര്‍, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപയും സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആറ് ബഡ്സ് സ്‌കൂളുകള്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്യും. മൂന്നു ബഡ്സ് സ്‌കൂളുകളുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.

ദുരന്തബാധിതരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുളിയാര്‍ പഞ്ചായത്തില്‍ 68 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ പദ്ധതി രൂപരേഖ ഊരാളുങ്കല്‍ സൊസൈറ്റി തയ്യാറാക്കിക്കഴിഞ്ഞു. ഈ മേഖലയില്‍ ബാക്കിവന്ന എന്‍ഡോസള്‍ഫാന്‍ ശാസ്ത്രീയമായി നിര്‍വീര്യമാക്കുന്നതിന് പെസ്റ്റിസൈഡ് ഇന്ത്യാ ലിമിറ്റഡുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. 

Tags:    

Similar News