വിഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണം: സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

2016 ലെ ഒരു വിഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം സംബന്ധിച്ച നിയമത്തില്‍ സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ അംഗീകരിച്ചിട്ടുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് യാതൊരു വിവേചനവും കൂടാതെ പഠനസൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു

Update: 2019-07-29 13:38 GMT

കൊച്ചി: വിഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. 2016 ലെ ഒരു വിഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം സംബന്ധിച്ച നിയമത്തില്‍ സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ അംഗീകരിച്ചിട്ടുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് യാതൊരു വിവേചനവും കൂടാതെ പഠനസൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

കായിക മല്‍സരങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവരെ പങ്കാളികളാക്കണമെന്നും വ്യവസ്ഥയുണ്ട്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ചട്ടങ്ങളില്‍ ഇത്തരം വിദ്യാര്‍ഥികളുടെ സുഗമമായ പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2009 ഒക്‌ടോബര്‍ 29 ന് സി ബി എസ് ഇ പുറത്തിറക്കിയ സര്‍ക്കുലര്‍ നമ്പര്‍ 45 ല്‍ മുഖ്യധാരാ സ്‌കൂളുകള്‍ വിഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നിയമപ്രകാരമുള്ള അവകാശങ്ങളും സംരക്ഷണും കൃത്യമായി ഉറപ്പാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു

. എറണാകുളം സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഹൈപ്പര്‍ ആക്റ്റിവിറ്റിയുള്ള തന്റെ പേരക്കുട്ടിക്ക് പ്രശസ്തമായ സ്വകാര്യ സ്‌കൂള്‍ പ്രവേശനം നിഷേധിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നിഷേധിച്ചു. വിഭിന്ന ശേഷിക്കാരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരന്റെ ചെറുമകന് കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചതിനാല്‍ കമ്മീഷന്‍ മറ്റ് നടപടികളിലേക്ക് കടന്നില്ല.    

Tags:    

Similar News