തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രിംകോടതി; കമ്മീഷന്‍ നിയമനത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

Update: 2023-03-02 07:38 GMT

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രിംകോടതി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശ വഴിയാവണം ഇവരെ തിരഞ്ഞെടുക്കാനെന്നാണ് വിധി. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇഷ്ടം പോലെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരമാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് എടുത്തുകളഞ്ഞത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തേക്ക് ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ ഈ സമിതി രാഷ്ട്രപതിക്ക് പേരുകള്‍ നിര്‍ദേശിക്കും. കമ്മീഷണര്‍മാരുടെ നിയമനത്തിന് പാര്‍ലമെന്റ് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ കമ്മിഷണര്‍മാരെ നിയമിക്കാന്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്ത് വിവിധ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നുവെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറേയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരേയും നിയമക്കുന്നതിനുള്ള നിയമനിര്‍മാണം ഒരു സര്‍ക്കാരുകളും കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടലുണ്ടാകുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് വിധി പ്രസ്താവത്തില്‍ രേഖപ്പെടുത്തി. രാഷ്ട്രീയത്തിന് അധീതമായ വ്യക്തികള്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലെത്തണമെന്നതുകൊണ്ടാണ് ഇത്തരമൊരു വിധി പ്രസ്താവിക്കുന്നതെന്നും സുപ്രിംകോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ അടുത്തിടെ വലിയ വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. നിലവില്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ രാഷ്ട്രപതി നിയമിച്ചിരുന്നത്. സുപ്രധാന വിധിയെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. അരുണ്‍ ഗോയലിന്റെ നിയമനത്തെ സംബന്ധിച്ചും കോടതി പരാമര്‍ശിച്ചിട്ടുണ്ട്. വിധി കിട്ടിയ ശേഷം കൂടുതല്‍ പറയാമെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News