എണ്ണക്കമ്പനികള്‍ ഡീസലിന് കൂടിയ തുക ഈടാക്കുന്നുവെന്ന്; കെഎസ്ആര്‍ടിസി ഹരജിയുമായി ഹൈക്കോടതിയില്‍

കൂടിയ തുക നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്നത് കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉയര്‍ന്ന വിലയീടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു

Update: 2022-03-18 16:42 GMT

കൊച്ചി: വന്‍കിട ഡീസല്‍ ഉപഭോക്താവാണെന്ന കാരണത്താല്‍ എണ്ണക്കമ്പനികള്‍ വിപണിവിലയേക്കാള്‍ കൂടിയ തുക ഡീസലിന് ഈടാക്കുന്നുവെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹരജി നല്‍കി. കൂടിയ തുക നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്നത് കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉയര്‍ന്ന വിലയീടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. മാര്‍ക്കറ്റ് വിലയ്ക്ക് ഡീസല്‍ നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

കൊവിഡ് വ്യാപനത്തിന് മുമ്പ് 6241 ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. അന്ന് പ്രതിദിനം 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇപ്പോള്‍ 5481 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 18 .41 ലക്ഷമായി കുറഞ്ഞെന്നും ഹരജിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ക്ക് പ്രതിദിനം സര്‍വ്വീസ് നടത്താന്‍ 300 400 കിലോ ലിറ്റര്‍ ഹൈസ്പീഡ് ഡീസല്‍ വേണം. ഓയില്‍ കമ്പനികള്‍ കൂടിയ തുക ഈടാക്കുന്നതിനാല്‍ പ്രതിദിനം 83 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി ഇതുമൂലം കൂടുതല്‍ രൂക്ഷമാകുമെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News