ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം; കേരളത്തില്‍ ഡെങ്കിയും എലിപ്പനിയും പടരുന്നു

വരുംദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പനിബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Update: 2020-05-16 07:45 GMT

തിരുവനന്തപുരം: ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം. 'ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം' എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിദിനാചരണ സന്ദേശം. ഡെങ്കിപ്പനിയെക്കുറിച്ചും അതു തടയുന്നതിനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുകയും ഡെങ്കിപ്പനി വ്യാപനവും മരണങ്ങളും കുറക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, കൊവിഡിന്റെ ദുരിതങ്ങള്‍ തീരും മുമ്പേ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുകയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ചികില്‍സ തേടിയവരില്‍ 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 432 പേര്‍ രോഗലക്ഷണങ്ങളോടെ സംശയത്തില്‍ തുടരുന്നു. ഇതിനിടെ 22 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധത്തിനിടെ മഴക്കാലപൂര്‍വശുചീകരണം പൂര്‍ണമായും പാളിയതും രോഗവ്യാപനം വര്‍ധിക്കുമെന്ന ആശങ്ക ഇരട്ടിയാക്കുന്നു. ഡെങ്കിപ്പനിക്കെതിരെ അതിജാഗ്രത തന്നെ വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞദിവസം ചികിത്സതേടിയവരില്‍ 14 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 46 പേര്‍ക്ക് രോഗം സംശയിക്കുന്നു . കൊല്ലത്താണ് ഡെങ്കിപ്പനി കൂടുതലായിരിക്കുന്നത്.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഏരൂര്‍ പഞ്ചായത്തിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്തിലെ ഭാരതീപുരം, പത്തടി, കിണറ്റുമുക്ക്, ആയിലറ, മണലില്‍, വിളക്കുപാറ എന്നീ വാര്‍ഡിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭാരതീപുരം, പത്തടി വാര്‍ഡുകളെ ഹോട്ട്സ്‌പോട്ടായും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും രോഗലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാസര്‍കോട് 19 പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴുപേര്‍ക്കും ഡെങ്കിപ്പനി സംശയിക്കുന്നു. 10 ദിവസത്തിനിടെയാണ് 47 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ള 437 പേര്‍ക്ക് തന്നെ മതിയായ ശ്രദ്ധയോ പരിചരണമോ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. വരുംദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പനിബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

10 ദിവസത്തിനിടെയാണ് 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചത്. 52 പേര്‍ക്ക് രോഗം സംശയിക്കുന്നു. മൂന്നുപേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ്. മഴക്കാലമായതോടെ ചിക്കന്‍ഗുനിയ , എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളും വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ പകര്‍ച്ച വ്യാധികളുടെ ഫലമായി 2015 ല്‍ 161 പേരും 2016 ല്‍ 130 പേരും 2017 ല്‍ 453 പേരും 2018 ല്‍ 308 പേരും 2019 ല്‍ 234 പേരും മരണത്തിന് കീഴടങ്ങിയിരുന്നു.

ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെടുന്ന ഫ്ളാവിവൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. ഡെങ്കിപ്പനി പ്രധാനമായും മൂന്നു തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെകാണപ്പെടുന്ന ക്ലാസിക്കല്‍ ഡെങ്കിപ്പനി, രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ ഡെങ്കി ഹെമറാജിക് ഫീവര്‍, രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ഡെങ്കിഷോക് സിന്‍ഡ്രോം എന്നിവയാണിവ.രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്നു മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവും. പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, സന്ധികളിലും പേശികളിലുംവേദന, വിശപ്പില്ലായ്മയും രുചിയില്ലായ്മയും, നെഞ്ചിലും മുഖത്തും അഞ്ചാംപനി പോലെ തടിപ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍.

കൊതുകു നിയന്ത്രണമാണ് രോഗപ്പകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട പ്രധാന മാര്‍ഗ്ഗം. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡീസ് കൊതുകുകകളാണ് രോഗത്തിന് കാരണം. വെളുത്ത പുളളികളോടുകൂടിയ ഇത്തരം കൊതുകുകള്‍ പകല്‍നേരങ്ങളിലാണ് മനുഷ്യനെ കടിക്കുന്നത്. ഇവയുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും. ഈഡീസ് കൊതുകുകള്‍ കുറേ വിഭാഗങ്ങളുണ്ട്. ഇവയില്‍ ഈഡീസ് ആല്‍ബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നിവയാണ് മുഖ്യമായും രോഗം പരത്തുന്നത്.

വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. റബ്ബര്‍, കവുങ്ങ് തോട്ടങ്ങളില്‍ ഇത്തരം കൊതുകുകളുടെ പ്രജനനം വ്യാപകമായി നടക്കുന്നു. ഒന്നില്‍ കൂടുതല്‍ ആളുകളെ കടിക്കുന്ന രീതി സാധാരണയായി ഈഡീസ് കൊതുകുകളുടെ പ്രത്യേകതയാണ്. രോഗപ്പകര്‍ച്ച കൂടുതല്‍ ആളുകള്‍ക്ക് ഉണ്ടാവുന്നതിന് ഇത് ഒരു പ്രധാന കാരണമാണ്.

ഉറവിടനശീകരണത്തിലൂടെ കൊതുകുകളുടെ പ്രജനനം തടയാം. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം. വീടിനു ചുറ്റും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. തോട്ടങ്ങളിലുംമറ്റും കൃത്യമായ പരിശോധന നടത്തി കൊതുകു വളരാനുള്ള സാഹചര്യങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടി സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലൂടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവുകയുള്ളൂ. രോഗപ്രതിരോധം ഓരോരുത്തരുടെയും കടമയാണെന്നും അവനവന്റെ നിലനില്പിന് ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് സമൂഹത്തിലെ ഓരോ വ്യക്തിക്കും ഉണ്ടാവേണ്ടതാണ്. അത്തരത്തിലുള്ള ഇടപെടലിലൂടെ മാത്രമേ മെച്ചപ്പെട്ട ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കൂ.

Tags:    

Similar News