റിപബ്ലിക് ടി വി ഉടമ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള അപകീര്‍ത്തികേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

യുഎഇയില്‍ നിന്നുള്ള പ്രളയ ദുരിതാശ്വാസഫണ്ട് നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ലജ്ജയില്ലാത്ത ജനതയെന്നു മലയാളികളെ കുറിച്ചു പരാമര്‍ശിച്ചത് കേരള ജനതയെ അപകീര്‍ത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സിപിഎം നേതാവ് പി ശശി നല്‍കിയ കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്

Update: 2019-05-28 15:21 GMT

കൊച്ചി: മാധ്യമപ്രവര്‍ത്തകനും റിപബ്ലിക് ടി വി ഉടമയുമായ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള അപകീര്‍ത്തികേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. യുഎഇയില്‍ നിന്നുള്ള പ്രളയ ദുരിതാശ്വാസഫണ്ട് നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ലജ്ജയില്ലാത്ത ജനതയെന്നു മലയാളികളെ കുറിച്ചു പരാമര്‍ശിച്ചത് കേരള ജനതയെ അപകീര്‍ത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സിപിഎം നേതാവ് പി ശശി നല്‍കിയ കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. യുഎഇ കേരളത്തിനു 700 കോടി രൂപ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലെ പരാമര്‍ശമാണ് കേസിനാധാരമായത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെതിരെ അര്‍ണബ് ഗോസ്വാമി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു മാസത്തേക്കാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് രാജാവിജയരാഘവനാണ് ഹരജി പരിഗണിച്ചത്. അര്‍ണബിന്റെ പരാമര്‍ശങ്ങള്‍ കേരളജനതയ്ക്ക് അപമാനകരവും മലയാളിയുടെ അന്തസ് അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും മജിസ്ട്രേറ്റ് കോടതിയിലെ കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള ജനതയോട് മാപ്പു പറയണമെന്നും 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും പി ശശി അര്‍ണബിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

Tags:    

Similar News