കസ്റ്റംസ് കേസ്: ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ ഹൈക്കോടതി തടഞ്ഞു

ഈ മാസം 23 വരെ ശിവശങ്കറെ അറസ്റ്റു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.23 ന് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിശദമായ വാദം കേള്‍ക്കും. ശിവശങ്കിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കസ്റ്റംസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി

Update: 2020-10-19 09:12 GMT

കൊച്ചി: കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഈ മാസം 23 വരെ ശിവശങ്കറെ അറസ്റ്റു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.23 ന് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിശദമായ വാദം കേള്‍ക്കും. ജാമ്യഹരജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കസ്റ്റംസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.കസ്റ്റംസിന്റെ നിര്‍ദേശപ്രകാരമാണ് ആദ്യം ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പിന്നീട് അവിടെ നിന്നും നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്ത് മറ്റൊരു ഹോസ്പിറ്റലില്‍ പ്രവേശിച്ചതെന്നും ശിവശങ്കറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ശിവശങ്കറിനെ ഹരാസ് ചെയ്യുകയാണ്.അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം 600 മണിക്കൂറോളം യാത്ര ചെയ്തു.ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജിയെ കസ്റ്റംസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു.ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയെപോലും ശിവശങ്കര്‍ തള്ളിക്കളയുകയാണെന്നും കസ്റ്റംസ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നത് 23 വരെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നേരത്തെ എന്‍ഫോഴ്‌സമെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.രണ്ടു കേസും ഒരുമിച്ച് 23 ന് കോടതി പരിഗണിക്കും.നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് ശിവശങ്കര്‍. വെള്ളിയാഴ്ച ശിവശങ്കറിന്റെ വീട്ടില്‍ എത്തിയ കസ്റ്റംസ് സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി കൂട്ടിക്കൊണ്ടു പോകുന്നതിനിടയിലാണ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ശിവശങ്കറെ കസ്റ്റംസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനയില്‍ ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖമില്ലെന്ന് വ്യക്തമായി.എന്നാല്‍ ശക്തമായ പുറം വേദനയുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചതോടെ ഇവിടെ നിന്നും ഡിസ് ചാര്‍ജ് ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Tags:    

Similar News